കരിമണ്ണൂർ സെന്റ് ആന്റണീസ് കപ്പേള വെഞ്ചരിപ്പ് നാളെ
1547693
Sunday, May 4, 2025 4:31 AM IST
കരിമണ്ണൂർ: മഹാജൂബിലി സ്മാരകമായി പുനർനിർമിച്ച കരിമണ്ണൂർ സെന്റ് ആന്റണീസ് കപ്പേളയുടെ വെഞ്ചരിപ്പും പ്രതിഷ്ഠയും നാളെ കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിക്കുമെന്ന് വികാരി റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ, അസി. വികാരി ഫാ. മാത്യു എടാട്ട് എന്നിവർ അറിയിച്ചു. വൈകുന്നേരം അഞ്ചിന് ബിഷപ് കൂദാശാകർമം നിർവഹിച്ച് വിശുദ്ധ കുർബാനയർപ്പിക്കും.
1949ൽ വികാരിയായിരുന്ന ഫാ. ജോസഫ് മാവുങ്കലാണ് ടൗണിലെ ആദ്യത്തെ കപ്പേള നിർമാണത്തിന് തുടക്കം കുറിച്ചത്. 1951ൽ ഫാ. ജോസഫ് നന്പ്യാപറന്പിൽ മനോഹരമായ മുഖവാരം കൂട്ടിച്ചേർത്ത് ക്രിസ്തുരാജന്റെയും വിശുദ്ധ അന്തോനീസിന്റെയും രൂപങ്ങൾ പ്രതിഷ്ഠിച്ചു. കപ്പേളയുടെ ആശീർവാദം 1952ൽ മാർ മാത്യു പോത്തനാമുഴി നിർവഹിച്ചു.
നിർമാണം പൂർത്തീകരിച്ച പുതിയ കപ്പേളയുടെ അടിസ്ഥാനശില കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. വിൻസെന്റ് നെടുങ്ങാട്ടും ശിലാസ്ഥാപനം വികാരി റവ. ഡോ. സ്റ്റാൻലി പുൽപ്രയിലുമാണ് നിർവഹിച്ചത്.
ഏറെ മനോഹാരിതയോടെ നിർമിച്ചിരിക്കുന്ന കപ്പേളയുടെ മുൻഭാഗത്തെ ഭിത്തിയിൽ പ്രാർഥനാമഞ്ജരികൾ പാടുന്ന ക്ലോക്കും സ്ഥാപിച്ചിട്ടുണ്ട്. കപ്പേളയ്ക്കുള്ളിൽ വിശുദ്ധ അന്തോനീസിന്റെ ജീവിതത്തിലെ രണ്ട് അത്ഭുതങ്ങൾ മദ്ബഹയിൽ കൊത്തിവച്ചിരിക്കുന്നതും എട്ട് അത്ഭുതങ്ങൾ സ്റ്റെയിൻ ഗ്ലാസിൽ വെന്റിലേഷനുകളിൽ ആലേഖനം ചെയ്തിരിക്കുന്നതും കപ്പേളയുടെ ആകർഷണമാണ്.