ജണ്ടയ്ക്ക് പുറത്തുള്ള കൈവശഭൂമിക്ക് ഉടൻ പട്ടയം നൽകണം: ബിജോ മാണി
1547351
Friday, May 2, 2025 11:56 PM IST
തൊടുപുഴ: നാരങ്ങാനത്ത് വനം വകുപ്പ് ജണ്ട കെട്ടി തിരിച്ച സ്ഥലമുൾപ്പെടെയുള്ള പട്ടയ, കൈവശ ഭൂമികൾ ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. തൊമ്മൻകുത്ത് ജാഗ്രതാ സമിതിയുടെ ക്ഷണപ്രകാരമായിരുന്നു സന്ദർശനം. വനഭൂമിയുടെ അതിർത്തി പങ്കിടുന്നത് പുളിക്കൽ നാരായണൻ എന്ന വ്യക്തിയുടെ കൈവശഭൂമിയുമായാണ്. ഇവിടെ വനംവകുപ്പ് ജണ്ട സ്ഥാപിച്ച് കൃത്യമായി അതിർത്തി വേർതിരിച്ചിട്ടുമുണ്ട്.
1980ലാണ് ജണ്ട സ്ഥാപിച്ചതെന്നും പിന്നീട് 2000ൽ ഇതുപുതുക്കി നിർമിച്ചതായും നാട്ടുകാർ പറയുന്നു. ഈ സ്ഥലത്ത് 60 വർഷത്തോളം പഴക്കമുള്ള തെങ്ങ് അടക്കമുള്ള കൃഷിദേഹണ്ഡങ്ങളുമുണ്ട്. ഇവിടെനിന്നു മുക്കാൽ കിലോമീറ്റർ അകലെയാണ് കുരിശ് സ്ഥാപിച്ചിരുന്ന സ്ഥലം. ഇതിനിടയിൽ പട്ടയഭൂമിയുമുണ്ട്. ഈ വസ്തുതകൾ നിലനിൽക്കേയാണ് വനംവകുപ്പ് കൈവശഭൂമിയിലെ കുരിശ് പൊളിച്ചതും ഇതിനെ ന്യായീകരിക്കാൻ വില്ലേജ് ഓഫീസർ ഈ പ്രദേശമുൾപ്പടെ 4005 ഏക്കർ വനമാണെന്ന് റിപ്പോർട്ട് നൽകിയതും. അതിക്രമം നടത്തിയ വനം ഉദ്യോഗസ്ഥർക്കെതിരേയും തെറ്റായ റിപ്പോർട്ട് നൽകിയ വില്ലേജ് ഓഫീസർക്കെതിരേയും നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്ന് ബിജോ മാണി ആവശ്യപ്പെട്ടു.
ജണ്ടയ്ക്ക് പുറത്തുള്ള കൈവശക്കാർക്ക് പട്ടയം ലഭിക്കും വരെ അവരോടൊപ്പമുണ്ടാകുമെന്നും ബിജോ മാണി അറിയിച്ചു. അഡ്വ. രാജീവ് പാടത്തിൽ, ഷാനു ഷാഹുൽ, എബി മുണ്ടയ്ക്കൽ എന്നിവരൊടൊപ്പമാണ് സ്ഥലം സന്ദർശിച്ചത്. പ്രദേശവാസികളായ നാരായണൻ പുളിക്കൻ, അഡ്വ. റോബിൻ മാനുവൽ കൊല്ലംപറന്പിൽ, ആന്റപ്പൻ കളത്തൂർ, സോജൻ കരോട്ടുപുത്തൻപുര, ബേബി കളത്തൂർ, ജോയി തറപ്പേൽ, ജോർജ് പരുന്തനാനിയിൽ, ജോയി വിച്ചാട്ട്, തോമസ് കളത്തൂർ, ജോണി ചോലപ്പിള്ളി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.