തൊമ്മൻകുത്തിൽ വീട്ടുമുറ്റത്ത് കുരിശു സ്ഥാപിച്ച് പ്രതിഷേധം
1547911
Sunday, May 4, 2025 11:31 PM IST
വണ്ണപ്പുറം: നാരങ്ങാനത്ത് കൈവശഭൂമിയിൽ സ്ഥാപിച്ച കുരിശ് വനംവകുപ്പ് പിഴുതുകൊണ്ടുപോയതിൽ പ്രതിഷേധിച്ച് നടത്തുന്ന സമരങ്ങളുടെ ഭാഗമായി വിശ്വാസികളുടെ വീട്ടുമുറ്റത്ത് കുരിശ് സ്ഥാപിച്ചു. നാരങ്ങാനം പുതിയാത്ത് ജോർജിന്റെ വീട്ടുമുറ്റത്താണ് ഇന്നലെ കുരിശ് സ്ഥാപിച്ചത്. വികാരി ഫാ. ജയിംസ് ഐക്കരമറ്റത്തിന്റെ സാന്നിധ്യത്തിലാണ് സമരത്തിന്റെ ഭാഗമായി കുരിശ് സ്ഥാപിച്ചത്. ബാക്കി ഇടവകാംഗങ്ങളുടെ വീട്ടുമുറ്റത്തും കുരിശ് സ്ഥാപിക്കും.
കഴിഞ്ഞ ഏപ്രിൽ11നാണ് സെന്റ് തോമസ് പള്ളി നാരങ്ങാനത്ത് കൈവശഭൂമിയിൽ കുരിശ് സ്ഥാപിച്ചത്. പിറ്റേ ദിവസം വനംവകുപ്പ് കുരിശു പിഴുതു മാറ്റുകയായിരുന്നു. ഇതേത്തുടർന്ന് വലിയ പ്രതിഷേധമാണ് പ്രദേശത്തുണ്ടായത്.
ഇടവകയിലെ കൈവശഭൂമിയിൽ താമസിക്കുന്ന വിശ്വാസികളുടെ വീടുകൾക്ക് മുന്നിലാണ് കുരിശ് സ്ഥാപിക്കുന്നത്. വനംവകുപ്പ് കൈവശഭൂമിയും വനംഭൂമിയുമായി ജണ്ടയിട്ടു വേർതിരിച്ച ഭാഗത്തു താമസിക്കുന്ന വിശ്വാസികളാണ് സമരത്തിന് പിന്തുണനൽകി വീട്ടുമുറ്റത്ത് കുരിശ് സ്ഥാപിക്കുന്നത്.
ആറു പതിറ്റാണ്ടോളമായി താമസിക്കുന്ന പ്രദേശത്ത് ഇനിയും വനംവകുപ്പുദ്യോഗസ്ഥരുടെ ഭീഷണിയുടെ നിഴലിൽ കഴിയാൻ തയാറല്ലെന്ന് നാട്ടുകാർ പറഞ്ഞു. കുരിശ് സ്ഥാപിക്കുന്നതിന് ഇടവകക്കാർക്കു പിന്തുണയുമായി പ്രദേശവാസികൾ പൂർണമായും എത്തിയിരുന്നു.
തുടർ സമരങ്ങൾ ഉണ്ടാകുമെന്നും പള്ളി കൈവശ ഭൂമിയിൽ സ്ഥാപിച്ച കുരിശ് തിരികെ എത്തിക്കണമെന്നും ഇതിന് നേതൃത്വം നൽകിയ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരേ നടപടി എടുക്കണമെന്നുമാണ് വിശ്വാസികളുടെ ആവശ്യം. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് ഉന്നത ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്നും ഇത് അംഗീകരിക്കൻ കഴിയില്ലെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.