സർക്കാർ സബ്സിഡി നിലച്ചു ; കുടുംബശ്രീ ജനകീയ ഹോട്ടൽ അടച്ചുപൂട്ടലിലേക്ക്
1297854
Sunday, May 28, 2023 2:31 AM IST
തൊടുപുഴ: സർക്കാർ സബ്സിഡിത്തുക ലഭിക്കാത്തതിനാൽ ജില്ലയിലെ ജനകീയ ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ തദ്ദേശ സ്ഥാപനങ്ങളിലും കുടുംബശ്രീയുടെ മേൽനോട്ടത്തിൽ ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭിക്കുമെന്നതിനാൽ സാധാരണക്കാരായ യാത്രക്കാർക്കും തൊഴിലാളികൾക്കും ഇത് ഏറെ ആശ്വാസമായിരുന്നു. കൂടാതെ കുടുംബശ്രീ പ്രവർത്തകരായ ഏതാനും വീട്ടമ്മമാർക്ക് തൊഴിലും ലഭിച്ചിരുന്നു. എന്നാൽ സർക്കാരിൽ നിന്നും ലഭിക്കേണ്ട സാന്പത്തിക സഹായം മാസങ്ങളായി മുടങ്ങിയതോടെ ജനകീയ ഹോട്ടലുകൾ അടച്ചുപൂട്ടേണ്ട അവസ്ഥയിലേക്കാണ് നീങ്ങുന്നത്.
ജില്ലയിൽ അന്പതോളം ജനകീയ ഹോട്ടലുകളാണ് പ്രവർത്തി ക്കുന്നത്. കുടുംബശ്രീ യൂണിറ്റംഗങ്ങളായ വനിതകളുടെ നേതൃത്വത്തിലാണ് ഇവ പ്രവർത്തിക്കുന്നത്. ഉൗണ് 20 രൂപ നിരക്കിലും പാഴ്സലായി 25 രൂപ നിരക്കിലും ഇവിടെനിന്നു ലഭിക്കും. പല ഹോട്ടലുകളിലും 100നും 400 നും ഇടയിൽ ഉൗണ് നൽകുന്നുണ്ട്.
ഒരു ഉൗണിന് പത്തു രൂപയാണ് സർക്കാർ സബ്സിഡിയായി നൽകിവരുന്നത്. കുടുംബശ്രീ മിഷൻ വഴിയാണ് അതത് കുടുംബശ്രീ യൂണിറ്റുകൾക്ക് തുക ലഭിക്കുന്നത്. ഹോട്ടലുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടകയും വൈദ്യുതിചാർജും തദ്ദേശ സ്ഥാപനങ്ങൾ നൽകും. സബ്സിഡി അരി ലഭ്യമാണെങ്കിലും ഹോട്ടലുകളിൽ നല്ലയിനം കുത്തരിച്ചോറാണ് നൽകുന്നത്. ഇതും നടത്തിപ്പുകാർക്ക് അധികബാധ്യതയാണ് വരുത്തിവയ്ക്കുന്നത്.
മാസങ്ങളായി സർക്കാർ സബ്സിഡിത്തുക ലഭിക്കാത്തത് ജനകീയ ഹോട്ടലുകളെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പലരും കടം വാങ്ങിയും മറ്റുമാണ് ഹോട്ടൽ നടത്തിക്കൊണ്ടുപോകുന്നത്. വ്യാപാരസ്ഥാപനങ്ങളിൽനിന്ന് അവശ്യസാധനങ്ങൾ വാങ്ങിയതിന്റെ പേരിൽ വലിയ കടബാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പല പഞ്ചായത്തുകളിലും ഹോട്ടലുകൾ നിർത്താനുള്ള ആലോചനയിലാണ്.
എട്ടു മാസത്തെ വിഹിതമായ 2.5 ലക്ഷത്തോളം രൂപ ലഭിക്കാത്തതിനാൽ മണക്കാട് പഞ്ചായത്തിലെ ചിറ്റൂരിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടൽ അടച്ചു പൂട്ടൽ ഭീഷണി നേരിടുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടിസി ജോബ് പറയുന്നു. അടിയന്തരമായി പ്രശ്നത്തിനു പരിഹാരം കാണണമെന്നാണ് ഹോട്ടൽ നടത്തുന്ന കുടുംബശ്രീ പ്രവർത്തകരുടെയും തദ്ദേശ സ്ഥാപന അധികൃതരുടെയും ആവശ്യം.