ഒരേ ദിവസം രണ്ടു പിഎസ്സി തസ്തികമാറ്റ പരീക്ഷകൾ ഉദ്യോഗാർഥികളെ വെട്ടിലാക്കി
1338814
Wednesday, September 27, 2023 11:31 PM IST
തൊടുപുഴ: രണ്ടു വ്യത്യസ്ത തസ്തികകളിലേക്കു നടത്തുന്ന തസ്തികമാറ്റ പരീക്ഷകൾ ഒരേ ദിവസം നടത്തി പിഎസ്സി ഉദ്യോഗാർഥികളെ വെട്ടിലാക്കി. ഇത് ഉദ്യോഗാർഥികളുടെ അവസരം നഷ്ടപ്പെടുത്തുന്നതായാണ് പരാതി.
എംഎഡ് യോഗ്യതയുള്ള സർക്കാർ സർവീസിലെ ഉദ്യോഗാർഥികൾക്കായുള്ള രണ്ടു പരീക്ഷകളാണ് ഒരേ ദിവസം നടത്താൻ പിഎസ്സി തീരുമാനിച്ചിരിക്കുന്നത്.
ലക്ചറർ ഇൻ ഫൗണ്ടേഷൻസ് ഓഫ് എഡ്യൂക്കേഷൻ ആന്ഡ് ആക്ഷൻ റിസർച്ച്, ബിഎഡ് ട്രെയ്നിംഗ് കോളജ് അസി.പ്രഫസർ ഇൻ ഫിസിക്കൽ സയൻസ് എന്നീ തസ്തികകളിലേക്കുള്ള തസ്തികമാറ്റ പരീക്ഷകൾ ഒക്ടോബർ ഏഴിനു നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ഉയർന്ന നിലവാരത്തിലുള്ളതും വ്യത്യസ്ത സിലബസിലുള്ളതുമായ ഈ രണ്ടു പരീക്ഷകളും എഴുതുന്ന ഒരേ ഉദ്യോഗാർഥികളുണ്ട്. പരീക്ഷകളുടെ ഹാൾ ടിക്കറ്റ് ലഭിച്ചപ്പോഴാണ് രണ്ടും ഒരേ ദിവസമാണെന്ന് ഉദ്യോഗാർഥികൾ മനസിലാക്കിയത്.
ഇതോടെ ഒരെണ്ണം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ പിഎസ്സിയെ സമീപിച്ചു. എന്നാൽ, രണ്ടു പരീക്ഷകളും എഴുതുന്ന ഉദ്യോഗാർഥികൾ കുറവായതിനാൽ ഷെഡ്യൂൾ മാറ്റാനാവില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ ഏതെങ്കിലും ഒരു പരീക്ഷ ഉപേക്ഷിക്കേണ്ട ദുരവസ്ഥയിലാണ് ഉദ്യോഗാർഥികൾ.
ലക്ചറർ ഇൻ ഫൗണ്ടേഷൻസ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് ആക്ഷൻ റിസർച്ച് തസ്തികയിലേക്ക് ഒക്ടോബർ ഏഴിനു തന്നെ ഡയറക്ട് റിക്രൂട്ട്മെന്റ് പരീക്ഷയും നടക്കുന്നുണ്ട്.
അതിനാൽ ഈ പരീക്ഷ മാറ്റുകയെന്നത് ശ്രമകരമാണ്. എന്നാൽ ബിഎഡ് ട്രെയിനിംഗ് കോളജ് അസി. പ്രഫസർ ഇൻ ഫിസിക്കൽ സയൻസ് തസ്തികയിലേക്ക് സംസ്ഥാന തലത്തിൽ എട്ട് ഉദ്യോഗാർഥികൾ മാത്രമാണുള്ളത്. അതിനാൽ ഈ പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നായിരുന്നു ഉദ്യോഗാർഥികളുടെ ആവശ്യം. എന്നാൽ ഈ ആവശ്യം പിഎസ്സി പരിഗണിച്ചില്ല.
രാവിലെയും ഉച്ചകഴിഞ്ഞുമായാണ് പരീക്ഷകൾ നടക്കുന്നതെങ്കിലും പല ഉദ്യോഗാർഥികൾക്കും പരീക്ഷാ കേന്ദ്രങ്ങൾ വെവ്വേറെയാണ്. പരാതിയുമായി പിഎസ്സിയെ സമീപിച്ചവർക്കു രണ്ട് പരീക്ഷയും ഒരേ കേന്ദ്രത്തിലാക്കി നൽകാമെന്ന് അറിയിച്ചിരുന്നു.
എന്നാൽ വ്യത്യസ്ത സിലബസുകളെ അടിസ്ഥാനപ്പെടുത്തി ഉന്നത നിലവാരമുള്ള വിവരണാത്മക രീതിയിലുള്ള പരീക്ഷ ഒരു ദിവസം തന്നെ രണ്ടെണ്ണം എഴുതേണ്ടിവരുന്നത് പ്രയാസമാണെന്ന് ഉദ്യോഗാർഥികൾ പറയുന്നു.