ഇളംദേശം-വെട്ടിമറ്റം റോഡിൽ വെള്ളക്കെട്ട്
1339057
Thursday, September 28, 2023 11:27 PM IST
വെട്ടിമറ്റം: ഇളംദേശം-വെട്ടിമറ്റം റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഇതുവഴിയുള്ള യാത്ര ദുരിതത്തിൽ. ബനഡിക്ടൻ ആശ്രമത്തിനു സമീപമാണ് റോഡിൽ ഒരടിയിലേറെ ഉയരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.
നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഈ ഭാഗത്ത് ടൈൽ പാകി വെള്ളക്കെട്ട് ഒഴിവാക്കാൻ ശ്രമം നടത്തിയെങ്കിലും പ്രയോജനപ്പെട്ടില്ല. ടൈൽ പാകിയ ശേഷവും വെള്ളക്കെട്ടിനു മാറ്റമില്ല.
വെട്ടിമറ്റം എൽപി സ്കൂൾ, പള്ളി, സ്വകാര്യസ്കൂൾ, ആരോഗ്യ ഉപകേന്ദ്രം എന്നിവിടങ്ങളിലേക്ക് എത്താനുള്ള ഏക മാർഗമാണ് ഈ റോഡ്. മഴ ശക്തമായി പെയ്താൽ റോഡിലൂടെ കാൽനടയാത്ര പോലും ബുദ്ധിമുട്ടിലാകും.
റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പൊതുമരാമത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.