വിഎസിന്റെ പൂച്ചകൾ എലിയെ പിടിച്ചില്ല പിണറായിയുടെ പുലി പൂച്ചയാകുമോ?
1339247
Friday, September 29, 2023 11:17 PM IST
കെ.എസ്. ഫ്രാൻസിസ്
കട്ടപ്പന: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പൂച്ചകളെന്നു പുനർനാമം നൽകിയ ആദ്യ മൂന്നാർ ദൗത്യസംഘം ആയുധംവച്ചു കീഴടങ്ങിയ സ്ഥലത്ത് വീണ്ടും പിണറായിയുടെ ദൗത്യസംഘം വരുന്നു.
പൂച്ച വെളുത്തതായാലും കറുത്തതായാലും എലിയെ പിടിച്ചാൽ പോരേ എന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവനയെത്തുടർന്നാണ് ഒന്നാം മൂന്നാർ ദൗത്യസംഘത്തിനു പൂച്ചകൾ എന്ന നാമകരണമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാർ ദൗത്യസംഘത്തെ വിടുന്പോൾ പേരിനെച്ചൊല്ലി തർക്കം ഉടലെടുത്തിരിക്കുകയുമാണ്.
മൂന്നാർ ദൗത്യസംഘമല്ല, പള്ളിവാസൽ, ചിന്നക്കനാൽ, ആനച്ചാൽ... ദൗത്യസംഘമെന്നു വിളിക്കണമെന്നാണ് മൂന്നാറിലെ ഭരണപക്ഷ നേതാക്കൾ ഇന്നലെ മൂന്നാറിൽ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടത്. മൂന്നാറിൽ കൈയേറ്റങ്ങൾ ഇല്ലെന്നാണ് അവർ വാദിക്കുന്നത്.
മൂന്നാർ പഞ്ചായത്തിന്റെ വെളിയിലുള്ള പഞ്ചായത്തുകളിലാണ് കൈയേറ്റമുള്ളത്. അതിനാൽ ആ സ്ഥലങ്ങളുടെ പേരുചേർത്ത് ദൗത്യസംഘത്തെ വിളിക്കണമെന്നാണ് ഭരണപക്ഷ പാർട്ടികളുടെ ആവശ്യം. പേര് എന്തായാലും എലിയെ പിടിക്കുമോ എന്നാണ് അറിയേണ്ടത്.
പൂച്ചകൾ എത്തിയത് 2007ൽ
2007 ജൂണിലാണ് ആദ്യ മൂന്നാർ ദൗത്യസംഘത്തെ സർക്കാർ നിയോഗിക്കുന്നത്. ഇടുക്കി ജില്ലാ കളക്ടറായിരുന്ന രാജു നാരായണസ്വാമി, ഐഎഎസ് ഉദ്യോഗസ്ഥനായ കെ. സുരേഷ്കുമാർ, ഐപിഎസ് ഉദ്യോഗസ്ഥനായ ഋഷിരാജ് സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള ദൗത്യസംഘത്തെയാണ് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ മൂന്നാറിലേക്ക് എലിയെ പിടിക്കാൻ അയച്ചത്.
മൂന്നു മാസത്തോളം അവർ മൂന്നാറിലെ നിർമാണങ്ങളുടെമേൽ സംഹാരഭാവത്തോടെ ഉറഞ്ഞാടി. നാലു വൻ റിസോർട്ടുകൾ പൊളിച്ചടുക്കി. അഞ്ചാമത് ധന്യശ്രീ റിസോർട്ടിന്റെമേൽ മണ്ണുമാന്തി യന്ത്രത്തിന്റെ കൈ ഉയർന്നപ്പോൾ റിസോർട്ട് ഉടമ കോടതിയിൽനിന്നുള്ള പൊളിക്കൽ നിരോധന ഉത്തരവുമായി എത്തി തടഞ്ഞു.
ഇതിന്റെ അരിശം തീർക്കാൻ സംഘം തലവനായിരുന്ന സുരേഷ്കുമാർ റിസോർട്ടിനുനേരേ കല്ലെടുത്തെറിയുന്നതു നാട്ടുകാർ കണ്ടു. പിറ്റേന്നു ദൗത്യസംഘം പൊളിപ്പിക്കൽ ജോലി മൂന്നാർ ടൗണിലേക്കു മാറ്റി. സിപിഎം, സിപിഐ ഓഫീസുകൾക്കുനേരേ ദൗത്യസംഘത്തിന്റെ വാൾ ഓങ്ങിയതോടെ പൂച്ചകൾക്കും പൂച്ചകളെ നയിച്ചവർക്കുമെതിരേ ജനരോഷം ഉയർന്നു.
കോടികൾ മുടക്കി നിർമിച്ച റിസോർട്ടുകൾ മണ്ണുമാന്തിയന്ത്രങ്ങൾ ഇടിച്ചു നിരത്തിയപ്പോൾ കൈയടിച്ചവർതന്നെ ടൗണിലെ നിർമാണങ്ങൾ പൊളിക്കാനെത്തിയപ്പോൾ ഉപരോധം സൃഷ്ടിച്ചു. മൂന്നാറിൽ ഇനി പൊളിക്കാനെത്തിയാൽ അവരുടെ കാൽ വെട്ടുമെന്നു സിപിഎം ജില്ലാ സെക്രട്ടറി പ്രഖ്യാപിച്ചു.
അന്നുവരെ പാർട്ടിയിൽ അച്യുതാനന്ദൻ പക്ഷത്തായിരുന്ന സിപിഎം ജില്ലാ നേതൃത്വം പിണറായി പക്ഷത്തുമായി. ജനരോഷത്തിനു മുന്നിൽ പൂച്ചകൾ കൂട്ടിലടയ്ക്കപ്പെട്ടു.
പൊളിക്കപ്പെട്ട റിസോർട്ടുകളുടെ ഉടമകൾക്ക് സർക്കാർ കോടികൾ നഷ്ടപരിഹാരം നൽകാൻ കോടതിയുടെ ഉത്തരവും ഉണ്ടായി.
വീണ്ടും ദൗത്യസംഘം
2010ലെ 1801 കേസിലെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കൈയേറ്റം ഒഴിപ്പിക്കാൻ സർക്കാർ വീണ്ടും ദൗത്യസംഘത്തെ നിയോഗിച്ചിരിക്കുന്നത്.
ഇടുക്കി ജില്ലയിലെ പട്ടയം ലഭിക്കാൻ അർഹതയുള്ളവരുടെ ഒഴികെയുള്ള അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സബ് കളക്ടർ, ആർഡിഒ, കാർഡമം അസി. കമ്മീഷണർ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുന്നു എന്നാണ് ഇന്നലെ പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.
ഇടുക്കി ജില്ലയിൽ 336 അനധികൃത നിർമാണങ്ങൾ ഉണ്ടെന്നാണ് ജില്ലാ കളക്ടർ സർക്കാരിനു നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഇടുക്കിയിലെ കുപ്രസിദ്ധ ഭൂപ്രശ്നങ്ങൾക്കെല്ലാം കാരണമായി ചൂണ്ടിക്കാണിക്കുന്നത് 2010ലെ ഡബ്ല്യുപി(സി) 1801 കേസിന്റെ ഇടക്കാല ഉത്തരവാണ്.
കേസ് തീർപ്പാക്കാൻ ഒരു ശ്രമവും സർക്കാർ നടത്തുന്നില്ല. അതു ചെയ്യാതെ ഒരു ഇടക്കാല ഉത്തരവിന്റെ പേരിൽ ഇടുക്കിയിലെ സാധാരണ ജനങ്ങളുടെ സ്വൈരം കെടുത്തുകയാണ് സർക്കാരുകൾ.
മൂന്നാറിലെ സർക്കാർഭൂമി കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് വണ് എർത്ത് വണ് ലൈഫ് എന്ന സംഘടന നൽകിയ കേസാണ് ഡബ്ല്യുപി(സി) 1801 - 2010.