ഹരിതകർമ സേനയ്ക്കൊപ്പം വിദ്യാർഥികളും
1339795
Sunday, October 1, 2023 11:25 PM IST
തൊടുപുഴ: ഹരിതകേരളം മിഷന്റെ മാലിന്യ നിർമാർജന പ്രവർത്തനങ്ങളെ കണ്ടറിയുന്നതിനായി കാളിയാർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ പ്രദേശത്തെ ഹരിതകർമ സേനാംഗങ്ങൾക്കൊപ്പം വാതിൽപ്പടി പാഴ് വസ്തു ശേഖരണത്തിൽ പങ്കാളികളായി.
മുള്ളൻകുത്തി വാർഡിലെ ഹരിതകർമ സേനാംഗങ്ങളായ ലിറ്റി സജിക്കും ജിജി മാത്യുവിനുമൊപ്പം കടകളിൽനിന്നും വീടുകളിൽനിന്നും പാഴ് വസ്തുക്കൾ ചാക്കിൽ ശേഖരിക്കാൻ കുട്ടികളും പങ്കെടുത്തു.
പാഴ് വസ്തുക്കൾ തരംതിരിച്ചു ശേഖരിക്കേണ്ടതിന്റെ കാര്യകാരണങ്ങളും യൂസർ ഫീ നൽകേണ്ടതിന്റെ നിയമപരമായ ആവശ്യകതയുമെല്ലാം ഹരിതകർമ സേനാംഗങ്ങൾ കുട്ടികളോട് വിശദീകരിച്ചു.
അധ്യാപിക ഡാലിയും വിദ്യാർഥികൾക്കൊപ്പമുണ്ടായിരുന്നു. തെരഞ്ഞെടുത്ത 25 പേരാണ് ഹരിതകർമ സേനയ്ക്കൊപ്പം മാലിന്യശേഖരണത്തിൽ പങ്കാളികളായത്.