കലാലയങ്ങളിൽ യുവജനകമ്മീഷന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും
1340226
Wednesday, October 4, 2023 11:07 PM IST
ഇടുക്കി: ലഹരിവിപത്തുകൾ തടയുന്നതിന് യുവജനങ്ങളുടെ പിന്തുണ അത്യന്താപേക്ഷിതമാണെന്നും എല്ലാ കലാലയങ്ങളിലും യുവജന കമ്മീഷന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന ജില്ലാതല ജാഗ്രതാസഭ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവാക്കളിൽ ആത്മഹത്യാ പ്രേരണ വർധിച്ചുവരികയാണ്. പ്രശ്നപരിഹാരത്തിനായി പഠനം നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുന്നതിനു സംസ്ഥാനമെന്പാടുമുള്ള 150 ഓളം എംഎസ്ഡബ്ല്യു വിദ്യാർഥികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
യോഗത്തിൽ യുവജന കമ്മീഷൻ ജില്ലാ കോ-ഓർഡിനേറ്റർ എം.എസ്. ശരത്ത് അധ്യക്ഷത വഹിച്ചു.
യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങൾ ആവിഷ്കരിക്കുക, ലഹരിയിൽനിന്നു യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾക്കെതിരായി കർമപദ്ധതികൾ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന യുവജന കമ്മിഷൻ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഡിറ്റാജ് ജോസഫ്, ജില്ലാ കോ-ഓർഡിനേറ്റർ ബി. അനൂപ്, വിദ്യാർഥി യുവജന സംഘടനാ പ്രതിനിധികൾ, സർവകലാശാല, കോളജ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.