വിശ്വജ്യോതിയിൽ ഐഎസ്ആർഒ ബഹിരാകാശ പ്രദർശനം
1374783
Friday, December 1, 2023 12:23 AM IST
വാഴക്കുളം: രാജ്യത്തിന്റെ ബഹിരാകാശ ചരിത്രവും നേട്ടങ്ങളും വിവരിച്ച് വാഴക്കുളം വിശ്വജ്യോതി എൻജിനിയറിംഗ് കോളജിൽ ഒരുക്കിയ ബഹിരാകാശ പ്രദർശനവും കോളജിന്റെ ഓപ്പണ്‍ ഡേയുടെ ഭാഗമായ ശാസ്ത്ര സാങ്കേതിക പ്രദർശനവും കൗതുകമായി.
ഐഎസ്ആർഒയുടെ ഇതുവരെയുള്ള ഗവേഷണ പ്രവർത്തന പുരോഗതികൾ, ചന്ദ്രയാൻ, ഗംഗയാൻ, ആദിത്യ തുടങ്ങിയ വർത്തമാന ഭാവികാല പ്രവർത്തനങ്ങൾ നേരിൽ കാണുന്നതിനും സംശയനിവാരണത്തിനും വിദ്യാർഥികൾക്ക് സഹായകരമാകുന്ന വിധത്തിലാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്.
കോളജ് മാനേജർ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തിൽ പ്രദർശനം ഉദ്ഘാടനം ചെയ്തു. ഡയറക്ടർ റവ. ഡോ. പോൾ പാറത്താഴം, പ്രിൻസിപ്പൽ ഡോ. കെ.കെ. രാജൻ, വൈസ് പ്രിൻസിപ്പൽ സോമി പി. മാത്യു, ഐഎസ്ആർഒ, വിഎസ്എസ് സി എഡ്യുക്കേഷണൽ ഇൻസ്ട്രക്ടർ ആർ. അനീഷ് എന്നിവർ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ ഡോ. കെ. ഷണ്മുഖേഷ്, ഡോ. ഷൈൻ ജോർജ്, ഡോ. സോണി കുര്യൻ എന്നിവർ നേതൃത്വം നൽകി.
1967-ൽ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ റോക്കറ്റ് രോഹിണി 75 മുതൽ ചൊവ്വ പരിവേഷണത്തിന്റെ മാതൃകകൾ, ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട, ജിഎസ്എൽവി വിക്ഷേപണ വാഹനം, എസ്എൽവി വിക്ഷേപണം വാഹനം, ഇന്ത്യൻ നിർമിത ഗതി നിർണയ സംവിധാനമായ ഐആർ എൻഎസ്എസ്, ഇന്ത്യയുടെ ആദ്യ പരിവേഷണ വാഹനമായ ചന്ദ്രയാൻ-1, വാർത്താവിനിമയത്തിൽ ഉപയോഗിക്കുന്ന ജിസാറ്റ്, ഇൻസാറ്റ് ഉപഗ്രഹങ്ങൾ, ഇന്ത്യയുടെ ആദ്യ പരീക്ഷണ ആശയവിനിമയ ഉപഗ്രഹം ആപ്പിൾ, വിദൂര സംവേദന ഉപഗ്രഹ ശ്രേണി എന്നിവയുടെ മാതൃകകളും പ്രദർശനത്തിലുണ്ട്.
പരിപാടി ഇന്നു സമാപിക്കും. മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ മേഖലകളിൽനിന്നായി അയ്യായിരത്തോളം വിദ്യാർഥികൾ പ്രദർശനം കാണാനെത്തി.