വർഗീസിന്റെ കുടുംബത്തിന് "ഉമ്മൻ ചാണ്ടി ഭവൻ'
1374784
Friday, December 1, 2023 12:23 AM IST
കുമളി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം കണ്ട് മടങ്ങവേ റാന്നിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കോൺഗ്രസ് മുൻ കുമളി മണ്ഡലം സെക്രട്ടറി കെ.വൈ. വർഗീസിന്റെ കുടുംബത്തിന് കോൺഗ്രസ് കുമളി മണ്ഡലം കമ്മിറ്റി "ഉമ്മൻ ചാണ്ടി ഭവൻ' നിർമിക്കും. സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കിവച്ചാണ് കുമളി ലക്ഷംവീട് കോളനിയിലെ കോൺഗ്രസ് പ്രവർത്തകനായിരുന്ന കെ.വൈ. വർഗീസ് യാത്രയായത്.
വർഗീസിന്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകുമെന്ന് കോൺഗ്രസ് കുമളി മണ്ഡലം കമ്മിറ്റി വ്യക്തമാക്കിയിരുന്നു. 12 ലക്ഷം രൂപ ചെലവിൽ 800 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്നു ബെഡ് റൂം, അടുക്കള, ഹാൾ, ബാത്ത്റൂം, സിറ്റ് ഔട്ട് എന്നീ സൗകര്യങ്ങളോടെയാണ് വീടിന്റെ നിർമാണം.
മൂന്നു മാസംകൊണ്ട് ഭവനനിർമാണം പൂർത്തിയാക്കി കുടുംബത്തിന് താക്കോൽ കൈമാറും.
വീടിന്റെ ശിലാസ്ഥാപനം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.പി. മാത്യു നിർവഹിച്ചു. കുമളി മണ്ഡലം പ്രസിഡന്റ് പി.പി. റഹിം അധ്യക്ഷത വഹിച്ചു. നിർമാണ കമ്മിറ്റി ചെയർമാൻ സണ്ണി ഇലഞ്ഞിമറ്റം, ഷാജി പൈനാടത്ത്, പി.ആർ. അയ്യപ്പൻ, ആർ. ഗണേശൻ, റോബിൻ കാരക്കാട്, ബിജു ദാനിയേൽ, എം.എം. വർഗീസ്, പ്രസാദ് മാണി, അബ്ദുൽ റഷീദ്, ഹൈദ്രോസ് മീരാൻ, ജയമോൾ മനോജ് എന്നിവർ പ്രസംഗിച്ചു.