പൈപ്പ് സ്ഥാപിക്കുന്നത് വനംവകുപ്പ് തടഞ്ഞു; പ്രതിഷേധവുമായി ജനം
1376325
Wednesday, December 6, 2023 11:39 PM IST
മുട്ടം: കുടയത്തൂർ, മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്ന പദ്ധതിക്കെതിരേ വനംവകുപ്പ് തടസവാദവുമായി രംഗത്തെത്തിയതോടെ പ്രതിഷേധവുമായി ജനങ്ങൾ രംഗത്ത്. വനംവകുപ്പിന്റെ സെറ്റിൽമെന്റ് ഓഫീസർകൂടിയായ ഇടുക്കി സബ് കളക്ടർ അരുണ്‍ എസ്.നായർ കുടിവെള്ള പദ്ധതിയുടെ പൈപ്പ സ്ഥാപിക്കുന്നതിനു അനുമതി നൽകിയിരുന്നു. ഈ അനുമതിയും പരിഗണിക്കാതെയാണ് വനംവകുപ്പ് അധികൃതർ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന നടപടിയുമായി രംഗത്തെത്തിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ച് ശങ്കരപ്പള്ളിയിലുള്ള വനം വകുപ്പ് ഓഫീസിലേക്ക് ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ ഇന്നു 11നു പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു. മൂന്നുപഞ്ചായത്തുകളിലെയും ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സമരം.
കുടിവെള്ള പദ്ധതിക്ക് പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനായി കഴിഞ്ഞ ദിവസം ജല അഥോറിട്ടി അധികൃതർ മുട്ടം വില്ലേജ് ഓഫീസിനു മുന്നിൽ ജോലികൾ ആരംഭിച്ചതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ തടസവാദവുമായി രംഗത്തെത്തുകയായിരുന്നു.ഇതേ തുടർന്ന് പൈപ്പ് ലൈൻ സഥാപിക്കുന്ന ജോലികൾ നിർത്തിവച്ചു.
ഇതോടെ മൂന്നു പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതി പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. ഇതേ തുടർന്നാണ് ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തുന്നത്. ശങ്കരപ്പള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളിക്കു സമീപത്തുനിന്നും പ്രതിഷേധ പ്രകടനം ആരംഭിക്കും.
മുട്ടം, കുടയത്തൂർ, കരിങ്കുന്നം പഞ്ചായത്ത് പ്രദേശങ്ങളിലെ ജനപ്രതിനിധികൾ, മർച്ചന്റ് അസോസിയേഷൻ, സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ സംഘടനാഭാരവാഹികൾ എന്നിവർ പ്രതിഷേധ സമരത്തിൽ പങ്കെടുക്കുമെന്ന് ആക്ഷൻ കൗണ്‍സിൽ ഭാരവാഹികളായ സുജി മാസ്റ്റർ, സോമശേഖരൻ നായർ,അഗസ്റ്റിൻ കള്ളികാട്ട്,ജോജി തോമസ് എടാംപുറം, പി. എസ് .രാധകൃഷ്ണൻ, ടോമി ജോർജ് മൂഴിക്കുഴിയിൽ എന്നിവർ അറിയിച്ചു.