റിസർവ് വനം വിജ്ഞാപനം സർക്കാരിന്റെ ഗൂഢനീക്കം: ഫ്രാൻസിസ് ജോർജ്
1376326
Wednesday, December 6, 2023 11:39 PM IST
രാജകുമാരി: ചിന്നക്കനാലിൽ 364.89 ഹെക്ടർ റവന്യൂ ഭൂമി റിസർവ് വനമാക്കാൻ നീക്കം നടന്നത് വനംവകുപ്പിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇടുക്കിയിലെ മന്ത്രിയും ഇടതുപക്ഷ എംഎൽഎമാരും ഇതിനു മറുപടി പറയണമെന്നും കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എക്സ് എംപി ആവശ്യപ്പെട്ടു.
ചിന്നക്കനാൽ സിങ്കുകണ്ടത്ത് നടന്നുവരുന്ന റിലേ സത്യഗ്രഹ പന്തലിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചിന്നക്കനാൽ സിങ്കുകണ്ടം മേഖലയിലെ കർഷകർ 23 ദിവസമായി സമരത്തിലാണ്. ആയിരക്കണക്കിന് ആളുകൾക്ക് ചിന്നക്കനാൽ വില്ലേജിൽ ഇനിയും പട്ടയം ലഭിക്കാനുണ്ട്.
എച്ച്എൻഎലിന് പാട്ടത്തിനു നൽകിയ റവന്യു ഭൂമി വനംവകുപ്പിന്റേതാല്ലെന്ന് നേരത്തേ റവന്യു വകുപ്പ് വ്യക്തമാക്കിയിരുന്നതാണ്. റവന്യു വകുപ്പ് അറിയാതെ പാട്ടക്കാലാവധി അവസാനിപ്പിച്ച ഭൂമി റിസർവ് വനമായി മാറ്റാൻ കഴിയില്ലെന്നും ഉത്തരവ് റദ്ദാക്കണമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം. ജെ. ജേക്കബ്, എം. ജെ. കുര്യൻ, ജോസ് പൊട്ടംപ്ലാക്കൽ, ജോജി ഇടപ്പള്ളികുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.