ശാന്തിപാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു
1376330
Wednesday, December 6, 2023 11:39 PM IST
വണ്ടിപ്പെരിയാർ: മ്ലാമല ശാന്തിപാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ജില്ലാ ജഡ്ജ് എ. ഷാനവാസ് സ്ഥലത്തെത്തി പാലത്തിന്റെ നിർമാണ പുരോഗതികൾ വിലയിരുത്തി.സ്കൂളിലെത്താനുള്ള ദുരിതം വിവരിച്ച് മ്ലാമല ഫാത്തിമാത സ്കൂളിലെ കുട്ടികള്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ കോടതിയുടെ നിര്‍ദേശമനുസരിച്ച് ആരംഭിച്ച ശാന്തി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി.
2018ലെ പ്രളയത്തില്‍ ഒലിച്ചുപോയ ശാന്തി പാലത്തിന്റെ നിര്‍മാണമാണ് പൂര്‍ത്തിയായത്. 11 മീറ്റര്‍ ഉയരത്തില്‍ 80 മീറ്റര്‍ നീളത്തില്‍ നടപ്പാത ഉള്‍പ്പെടെയാണ് പൊതുമരാമത്ത് വകുപ്പ് പാലം പണി പൂര്‍ത്തിയാക്കിയത്. പാലത്തിന്റെ രണ്ടു വശങ്ങളിലുമുള്ള അപ്രോച്ച് റോഡിന്റെ കൂടി ടാറിംഗ് പൂര്‍ത്തീകരിച്ചാല്‍ പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കാം.
അഞ്ചുവര്‍ഷത്തോളമായി ജനങ്ങള്‍ അനുഭവിച്ച ദുരിതത്തിനാണ് അവസാനമാകുന്നത്. ആദ്യഘട്ടത്തില്‍ പാലം പണി ആരംഭിക്കാൻ കാലതാമസം നേരിട്ടിരുന്നു. പെരിയാര്‍ നദിയില്‍ അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കവും മണ്ണിന്റെ ഉറപ്പ് പരിശോധനയുമാണ് ഒന്നാംഘട്ടത്തില്‍ പാലം പണി വൈകാൻ കാരണം. എന്നാല്‍, രണ്ടാംഘട്ട പാലം നിര്‍മാണം ശരവേഗത്തില്‍ പൂര്‍ത്തീകരിക്കാൻ കഴിഞ്ഞു.
ഒരു കോണ്‍ക്രീറ്റ് പാലമെന്ന പ്രദേശവാസികളുടെ ദീര്‍ഘനാളായുള്ള ആഗ്രഹം കൂടിയാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്. പാലം നിർമാണം പൂർത്തീകരിച്ചു വരുന്നതിന്റെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനാണ് ജില്ലാ ജഡ്ജിയും ലീഗൽ അഥോറിറ്റി സെക്രട്ടറിയുമായ എ. ഷാനവാസ്, അഡ്വ. എം. സുരേഷ് എന്നിവർ സ്ഥലം സന്ദർശിച്ചത്.
മ്ലാമല പള്ളി വികാരി ഫാ. മാത്യു ചെറുതാനിയുടെ നേതൃത്വത്തില്‍ 1984ല്‍ നാട്ടുകാര്‍ ജനകീയ കൂട്ടായ്മയിലൂടെ നിര്‍മിച്ച പാലമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഈ പാലമാണ് 2018 ആഗസ്റ്റ് 15ലെ മഹാപ്രളയത്തില്‍ ഒലിച്ചു പോയത്. വാഹനം കടന്നുപോകാൻ കഴിയുന്ന വിധത്തില്‍ നാട്ടുകാര്‍ ഒരു പാലം വീണ്ടും പണിതുയര്‍ത്തി.
ഈ പാലവും അധികകാലം നിലനിന്നില്ല. 2019 ലെ പ്രളയത്തില്‍ ഈ താത്കാലിക പാലവും ഒലിച്ചുപോയി. തുടര്‍ന്നാണ് മ്ലാമല ഫാത്തിമ മാതാ ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് കത്തയച്ചത്. കുട്ടികള്‍ക്ക് സ്കൂളില്‍ എത്താനുള്ള ബുദ്ധിമുട്ടും പ്രയാസങ്ങളും വിവരിച്ചായിരുന്നു കത്തെഴുതിയത്.