പകർച്ചവ്യാധി: ജില്ലയിൽ ഹൈറിസ്ക് ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി
1376331
Wednesday, December 6, 2023 11:39 PM IST
ഇടുക്കി: ജില്ലയിൽ ആരോഗ്യ വകുപ്പ് പകർച്ചവ്യാധി പരിശോധനയുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രതിവാര പഠനറിപ്പോർട്ട് പ്രകാരം ഹൈ റിസ്ക് ഹോട്ട്സ്പോട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉടുന്പന്നൂർ പഞ്ചായത്തിലെ പത്താം വാർഡിൽപ്പെട്ട മഞ്ചികല്ല്, കട്ടപ്പന നഗരസഭയിലെ 13-ാം വാർഡ് ഹെൽത്ത് സൊസൈറ്റി ഭാഗവുമാണ് പ്രധാന സാധ്യതാ മേഖല.
ജില്ലയിൽ ഹൈ റിസ്ക് റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളിൽ കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ എന്നിവ പകരാനുള്ള സാധ്യതയേറെയാണ്. ജനങ്ങൾ കൊതുകു വളരുന്നതിനുള്ള സാഹചര്യം വീടുകളിലോ പരിസര പ്രദേശങ്ങളിലോ ഇല്ലെന്നു ഉറപ്പുവരുത്തണം.
വീടിനുള്ളിലും പുറത്തും സമീപപുരയിടങ്ങളിലും മഴവെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. കുപ്പി, പാട്ട, ചിരട്ട, അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, കൊക്കോ തോടുകൾ, കമുകിന്റെ പോളകൾ, വീടിന്റെ സണ് ഷെയ്ഡുകൾ, വെള്ളം നിറച്ച അലങ്കാര കുപ്പികൾ ഉപയോഗ ശൂന്യമായ ടാങ്കുകൾ, ടയറുകൾ, വിറക് മൂടുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, മുളങ്കുറ്റികൾ, കുന്പിൾ ഇലകളോടുകൂടിയ ചെടികൾ, മരപ്പൊത്തുകൾ തുടങ്ങി വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളിൽ ഡെങ്കിപ്പനി പരത്തുന്ന കൊതുക് വളരുന്ന സാഹചര്യമുണ്ടാകും. ഇവ ഇല്ലാതാക്കുകയോ ഒഴിവാക്കുകയോ ചെയ്യണം.
മുട്ടയിൽ നിന്നു കൊതുക് രൂപത്തിലേക്ക് എത്തുന്നതിന് ഒരാഴ്ചയോളം സമയമെടുക്കുന്നതിനാൽ ഇത്തരം സാഹചര്യങ്ങൾ പരിശോധിച്ച് ഒഴിവാക്കുന്നതിന് ആഴ്ചയിൽ ഒരു ദിവസം ഡ്രൈഡേ ആചരിക്കണമെന്നും കൂടുതൽ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. മനോജ്, ജില്ലാ സർവയലൻസ് ഓഫീസർ ഡോ. ജോബിൻ ജോസഫ് എന്നിവർ അറിയിച്ചു.