വധശ്രമക്കേസിലെ പ്രതിയുടെ ബന്ധുക്കളിൽനിന്ന് കൈക്കൂലി: എസ്ഐയെ സസ്പെൻഡ് ചെയ്തു
1376343
Wednesday, December 6, 2023 11:58 PM IST
ഉപ്പുതറ: വധശ്രമ കേസിലെ പ്രതിയുടെ ബന്ധുക്കളിൽ നിന്നും 10000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ എസ്ഐയെ സസ്പെൻഡ് ചെയ്തു. ഉപ്പുതറ എസ്ഐ കെ.ഐ. നസീറിനെയാണ് എറണാകുളം റേഞ്ച് ഡി ഐ ജി. കുട്ട വിമലാദിത്യ സസ്പൻഡ് ചെയ്തത്.
കഴിഞ്ഞ 13നു വൈകുന്നേരം മേരികുളം ടൗണിനു സമീപം വാഹനത്തിൽ മദ്യപിച്ചുകൊണ്ടിരുന്നത് ചോദ്യം ചെയ്തതുമായി ഉണ്ടായ സംഘർഷത്തിൽ രണ്ടു പേർക്ക് വെട്ടേറ്റിരുന്നു. സംഭവത്തിൽ വധ ശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് സമീപവാസിയായ വീട്ടുടമസ്ഥനെതിരേ പോലീസ് കേസെടുത്തു.
അന്വേഷണത്തിൽ അനുകൂലമായ റിപ്പോർട്ട് നൽകണമെന്ന ആവശ്യവുമായി പ്രതിയുടെ ബന്ധുക്കൾ 16ന് സ്റ്റേഷനിൽ എത്തി എസ്ഐയെ കണ്ടു. താമസ സ്ഥലത്ത് എത്താൻ എസ്ഐ നിർദേശിക്കുകയും അവിടെവച്ച് 10000 രൂപ വാങ്ങുകയും ചെയ്തു. പിറ്റേന്ന് പ്രതി കീഴടങ്ങി, റിമാൻഡിലാകുകയും ചെയ്തു.
എന്നാൽ, കൈക്കൂലി നൽകിയ വിവരം പ്രതിയുടെ ബന്ധുക്കളിൽനിന്നുതന്നെ ചോർന്നു. വിവരം നാട്ടിൽ പരസ്യമായതോടെ രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി.
തുടർന്ന് ജില്ലാ പോലീസ് മേധാവി കട്ടപ്പന ഡിവൈഎസ്പി യോട് റിപ്പോർട്ട് തേടി . ഡിവൈഎസ്പി യുടെ അന്വേഷണത്തിൽ എസ്ഐ കൈക്കൂലി വാങ്ങിയെന്നു കണ്ടെത്തി. ഇതു വ്യക്തമാക്കി നൽകിയ റിപ്പോർട്ടിലാണ് ബുധനാഴ്ച എസ്ഐയെ സസ്പൻഡ് ചെയ്തത്.