തൊമ്മൻകുത്തിലെ കുരിശ്: വനംവകുപ്പിന്റെ വെല്ലുവിളി അവസാനിപ്പിക്കണമെന്ന് ആംആദ്മി
1543109
Wednesday, April 16, 2025 11:57 PM IST
തൊടുപുഴ: തൊമ്മൻകുത്ത് പള്ളി നാരങ്ങാനം ഭാഗത്ത് സ്ഥാപിച്ച കുരിശ് വനം വകുപ്പ് എടുത്തു മാറ്റിയത് ആ പ്രദേശത്തെ ജനങ്ങളോടു വനംവകുപ്പ് നടത്തുന്ന വെല്ലുവിളിയാണെന്ന് ആം ആദ്മി പാർട്ടി. വനം വകുപ്പ് കാലങ്ങളായി തുടരുന്ന ധിക്കാരപരമായ നിലപാടുകളുടെ തുടർച്ചയാണ് ഈ സംഭവം.
ആനയാടിക്കുത്ത് ടൂറിസ്റ്റ് കേന്ദ്രത്തിന്റെ മുകൾ ഭാഗത്തുകൂടി പുതിയ റോഡ് കടന്നുപോകുന്പോൾ ആ പ്രദേശത്തിന്റെ നിയന്ത്രണം കൈപ്പിടിയിൽ ഒതുക്കാൻ വനംവകുപ്പ് നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് കുരിശു പിഴുതെറിഞ്ഞ് ജനങ്ങളെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നത്.
പതിറ്റാണ്ടുകളായി പ്രദേശത്ത് വഴി സൗകര്യം ഇല്ലാതെ കഷ്ടപ്പെട്ടിരുന്ന ജനങ്ങൾക്ക് പ്രതീക്ഷയായി റോഡ് സൗകര്യമുണ്ടായപ്പോൾ കർഷകരുടെ ഭൂമി പിടിച്ചെടുക്കാനുള്ള വനം വകുപ്പിന്റെ നടപടികളുടെ തുടക്കമാണ് ഇതിനുപിന്നിൽ.
ആം ആദ്മി പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ. ബേസിൽ ജോണ്, ജാസിൽ കുന്നപ്പള്ളിൽ, റോയ് പ്ലാത്തോട്ടം, ബെന്നി, എ.പി.റോയ് എന്നിവർ തൊമ്മൻകുത്ത് പള്ളി വികാരി ഫാ. ജയിംസ് ഐക്കരമറ്റത്തെ സന്ദർശിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.