ഗു​രു​വാ​യൂ​രി​ല്‍ തി​ര​ക്കോ​ടു​തി​ര​ക്ക്; ഇ​ന്നലെ 164 വിവാഹങ്ങൾ
Monday, May 6, 2024 1:50 AM IST
ഗു​രു​വാ​യൂ​ര്‍: വേ​ന​ല​വ​ധി ആ​യ​തി​നാ​ൽ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​ന് വ​ൻ ഭ​ക്ത​ജ​നത്തി​ര​ക്ക്.
ഇ​ന്ന​ലെ ക്ഷേ​ത്ര​ത്തി​ൽ 164 വി​വാ​ഹ​ങ്ങ​ളാ​ണു ന​ട​ന്ന​ത്. വി​വാ​ഹം ന​ട​ത്തു​ന്ന​തി​നു സ്ഥി​ര​മു​ള്ള മ​ണ്ഡ​പ​ങ്ങ​ൾ​ക്കു​പു​റ​മെ ഒ​രു മ​ണ്ഡ​പം അ​ധി​ക​മാ​യി ഏ​ർ​പ്പെ​ടു​ത്തി. ഇ​പ്പോ​ള്‌ അ​ഞ്ചു മ​ണ്ഡ​പ​ങ്ങ​ളി​ലാ​യാ​ണു വി​വാ​ഹ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. 499 ചോ​റൂ​ൺ വ​ഴി​പാ​ടും ന​ട​ന്നു. ക്ഷേ​ത്ര​പ​രി​സ​ര​ത്തെ ലോ​ഡ്ജു​ക​ളെ​ല്ലാം പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ഫു​ള്ളാ​ണ്. ഇ​ന്ന​ലെ ഗു​രു​വാ​യൂ​രി​ൽ മു​റി​ക​ൾ കി​ട്ടാ​ത്ത സ്ഥി​തി​യാ​യാ​യി​രു​ന്നു. പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം നി​റ​ഞ്ഞു​ക​വി​ഞ്ഞ് വാ​ഹ​ന​ങ്ങ​ൾ ഔ​ട്ട​ർ റിം​ഗ്റോ​ഡ് വ​ശ​ത്ത് പാ​ർ​ക്കു​ചെ​യ്തു.

66.57 ല​ക്ഷ​ത്തി​ന്‍റെ വ​ഴി​പാ​ടു​ക​ൾ ന​ട​ന്നു. 20.31 ല​ക്ഷം നെ​യ് വി​ള​ക്ക് വ​ഴി​പാ​ട് ശീ​ട്ടാ​ക്കി​യ ഇ​ന​ത്തി​ലും 19.28 ല​ക്ഷം തു​ലാ​ഭാ​രം വ​ഴി​പാ​ടി​ന​ത്തി​ലും ല​ഭി​ച്ചു. ഭ​ക്ത​ർ​ക്ക് ദ​ർ​ശ​നം എ​ളു​പ്പ​ത്തി​ലാ​ക്കാ​ൻ കൊ​ടി​മ​രം വ​ഴി നേ​രി​ട്ട് ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ച്ചു. ഒ​മ്പ​തു മു​ത​ൽ വൈ​ശാ​ഖ​കാ​ലം തു​ട​ങ്ങു​ന്ന​തോ​ടെ തി​ര​ക്ക് ഇ​നി​യും വ​ർ​ധി​ക്കും.