അമ്മ സംഘടനയിലെ തർക്കം നിയമനടപടികളിലേയ്ക്ക് കടക്കുന്നതിനിടെ വിക്ഷയത്തിൽ പ്രതികരണവുമായി നടൻ ആസിഫ് അലി. നിവൃത്തികേടുകൊണ്ടായിരിക്കാം അൻസിബ സംഘടനയിൽനിന്ന് പുറത്തുവന്നശേഷം പ്രതികരിച്ചതെന്നും സംഘടനയിലെ പ്രശ്നങ്ങൾ അതിനകത്തുതന്നെ തീരണമെന്നും അദ്ദേഹം പറഞ്ഞു.
"സംഘടനയിലെ പ്രശ്നങ്ങൾ സംഘടനയിൽത്തന്നെ തീരണം. അതിനുള്ള ഇടം അവിടെയുണ്ട്. അവിടെ തീരാത്തപ്പോൾ അൻസിബയെപ്പോലുള്ളവർ നിവൃത്തികേടുകൊണ്ടായിരിക്കും പ്രശ്നങ്ങൾ പുറത്തുപറയുന്നത്.
ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കൃത്യമായ ധാരണ എനിക്ക് കിട്ടിയിട്ടില്ല. ഞാനും മാധ്യമങ്ങളിൽക്കൂടിയാണ് ഇതെല്ലാം അറിയുന്നത്. അതുകൊണ്ട് ഒരഭിപ്രായം പറയാൻ എനിക്കറിയില്ല. രണ്ടുപേരുടെ ഭാഗവും കേട്ടശേഷം മാത്രം എന്റെ അഭിപ്രായം പറയാം.
പ്രശ്നങ്ങൾ എല്ലാ സംഘടനകളിലും ഉണ്ടെന്നും അത് കൈകാര്യം ചെയ്യുന്ന രീതിയിലാണ് വ്യത്യാസം ഉണ്ടാകുന്നത്. ജിഹാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന അൻസിബയുടെ പരാതി ശ്രദ്ധയിൽപെടുത്തിയപ്പോൾ മതപരവും ജാതീയവുമായ കാര്യങ്ങളെ ഗൗരവമായി എടുത്താൽ പ്രശ്നം വലുതാകുമെന്നായിരുന്നു ആസിഫലിയുടെ മറുപടി. വിവേകത്തോടെയാണ് ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്നും ആസിഫ് പറഞ്ഞു.
അമ്മയുടെ നേതൃത്വത്തിലേയ്ക്ക് സ്ത്രീകളെ കൊണ്ടുവന്നത്, മറ്റൊരു സംഘടനയും കാട്ടാത്ത ധൈര്യമാണ്. പ്രസിഡന്റ് ശ്വേതാ മേനോൻ അടക്കമുള്ളവർക്ക് പ്രശ്നം പരിഹരിക്കാൻ കൂടുതൽ സമയം നൽകണമെന്നും ആസിഫലി പറഞ്ഞു.
മലയാള ചലച്ചിത്ര താരസംഘടന ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവെക്കാൻ കാരണം നടൻ ടിനി ടോമും സംഘടനയിലെ മറ്റുചിലരുമാണെന്ന് നടി അൻസിബ ഹസ്സൻ വെളിപ്പെടുത്തിയത് കഴിഞ്ഞദിവസമാണ്.
തനിക്കെതിരേ ടിനി ടോം ക്രൂരമായ അപവാദപ്രചാരണം നടത്തിയെന്നും വർഗീയമായി അധിക്ഷേപിച്ചെന്നും അൻസിബ മാധ്യമങ്ങളോട് പറഞ്ഞു.
Tags : Asif Ali Ansiba statement amma issue