ദൃശ്യം സിനിമ ചെയ്യുന്നില്ലെന്ന് കരുതിയ സിനിമയാണെന്നും മമ്മൂട്ടിയാണ് അത് നല്ല വേഷമാണെന്നും ചെയ്യാൻ നിർബന്ധിച്ചതെന്നും തുറന്നുപറഞ്ഞ് നടി മീന.
ദൃശ്യം 3 റിലീസിനോടനുബന്ധിച്ച് ആശീർവാദ് സിനിമാസ് പുറത്തിറക്കിയ ചാറ്റ് ഷോയിലാണ് അവർ ഇക്കാര്യം പറഞ്ഞത്.
‘‘ദൃശ്യം ആദ്യഭാഗത്തിൽ അഭിനയിക്കാമോ എന്ന് ചോദിച്ചപ്പോൾ ഞാൻ വേണ്ട എന്ന് പറഞ്ഞതാണ്. എന്ത് വിഢിത്തമാണ് ഞാൻ പറഞ്ഞതെന്ന് ഇപ്പോൾ തോന്നുന്നു. എന്റെ മകൾക്കപ്പോൾ രണ്ട് വയസുമാത്രമായിരുന്നു അപ്പോൾ ഉണ്ടായിരുന്നത്.
അവളെ വിട്ടിട്ട് വരാൻ പറ്റില്ലെന്ന് വിചാരിച്ചിട്ടാണ് അങ്ങനെ പറഞ്ഞത്. നല്ല തിരക്കഥയും കഥാപാത്രവുമൊക്കെയാണെങ്കിലും മകളെക്കുറിച്ചോർത്ത് വരാൻ പറ്റുമെന്ന് തോന്നുന്നില്ലെന്ന് ആന്റണിയോട് പറഞ്ഞു.
ജീത്തു എന്നെ വന്ന് കാണുന്നതിനും മുൻപ് ചിത്രത്തേക്കുറിച്ച് മമ്മൂക്ക പറഞ്ഞിരുന്നു. നല്ല കഥാപാത്രമാണ്. നിനക്ക് നന്നായി ചേരും. ജീത്തു വന്ന് കഥ പറയും എന്നൊക്കെ അദ്ദേഹം പറഞ്ഞു. എല്ലാം നല്ലതായിരുന്നു, പക്ഷേ എനിക്ക് അപ്പോഴും ഉറപ്പില്ലായിരുന്നു. അതുവരെ ചെയ്ത സിനിമകൾക്കെല്ലാം ഞാനെന്റെ 200 ശതമാനം നൽകിയിട്ടുണ്ട്.
പക്ഷേ ഇന്ന് എനിക്കൊരു മകളുണ്ട്. നൂറ് ശതമാനം ഒരു സിനിമയിൽ ഫോക്കസ് ചെയ്യാൻ പറ്റുമോ? ആ കഥാപാത്രത്തെ പരിപൂർണതയിൽ അവതരിപ്പിക്കാൻ പറ്റുമോ എന്ന ആശങ്കയുണ്ടായിരുന്നു. കുറേ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു.
എങ്കിലും എനിക്കുവേണ്ടി എന്ത് സൗകര്യവും ചെയ്തുതരാമെന്ന് ആന്റണി പറഞ്ഞിരുന്നു. അങ്ങനെ ഞാൻ റാണി എന്ന കഥാപാത്രത്തോട് യെസ് പറഞ്ഞു. എല്ലാത്തിനും ദൈവത്തോട് നന്ദി പറയുന്നു.’’ മീനയുടെ വാക്കുകൾ.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ. എഡിറ്റർ: വിനായക്, സംഗീതം: അനിൽ ജോൺസൺ. ചിത്രം മോഹൻലാലിന്റെ പിറന്നാൾ ദിനമായ മേയ് 21ന് റിലീസ് ചെയ്യും.
Tags : Meena drishaym mammootty mohanlal