കാട്ടാളൻ.
തിയറ്ററുകളെ വിറപ്പിച്ച കാട്ടാളൻ ഒടിടിയിലേക്ക്. മനോരമ മാക്സിലൂടെ നാളെ മുതൽ ചിത്രം കാണാം. ആന്റണി വർഗീസ് പെപ്പെ പ്രധാന വേഷത്തിലെത്തിയ ആക്ഷൻ ത്രില്ലർ ചിത്രം മേയ് 28-ന് ആണ് റിലീസിനെത്തിയത്. പോൾ ജോർജിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം മൈക്കിൾ, മാർക്കോ എന്നീ സിനിമകളിലൂടെ ശ്രദ്ധേയമായ മൈക്കിൾ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ്.
കേരള-തമിഴ്നാട് അതിർത്തി ഗ്രാമമായ ആനക്കൊല്ലിയിൽ കാട്ടാനശല്യം രൂക്ഷമാകുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. ഗ്രാമവാസികളെ സഹായിക്കാനെന്ന വ്യാജേനയെത്തുന്ന മാരി എന്ന വേട്ടക്കാരൻ, പിന്നീട് ആ പ്രദേശം കൈയടക്കുകയും അനധികൃത ആനക്കൊമ്പ് കച്ചവടത്തിന്റെ വലിയൊരു സാമ്രാജ്യം കെട്ടിപ്പടുക്കുകയും ചെയ്യുന്നു.
വർഷങ്ങൾക്കുശേഷം, മാരിയുടെ അധോലോക സാമ്രാജ്യത്തിനു മറ്റൊരു ക്രിമിനൽ സംഘം വെല്ലുവിളിയാകുന്നു. ഈ പോരാട്ടത്തിൽ മാരിയെ സഹായിക്കാനായി ജോർജ് ഡി. പീറ്റർ അയയ്ക്കുന്ന കാട്ടാളൻ എന്നറിയപ്പെടുന്ന അതിശക്തനായ പോരാളി എത്തുന്നതോടെയാണ് കഥ മാറിമറിയുന്നത്. ആനക്കൊമ്പ് മാഫിയയെയും കാടു നശിപ്പിക്കുന്ന മാരിയുടെ സാമ്രാജ്യത്തെയും തകർക്കാൻ ആന്റണി നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
ആന്റണി വർഗീസിനൊപ്പം സുനിൽ, ജഗദീഷ്, ദുഷാര വിജയൻ, കബീർ ദുഹാൻ സിംഗ്, പാർഥ് തിവാരി എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. സംഗീതം രവി ബസ്രൂർ.
Tags : KattalanMovie MalayalamFilmNews Mollywood AntonyVarghesePepe OTTStreaming