ചിത്രത്തിന്റെ പോസ്റ്റർ
വ്യത്യസ്തമായ പ്രമേയവുമായി ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം മായൻ ചിത്രീകരണം പൂർത്തിയാക്കി ഡിസംബർ മൂന്നിന് തിയേറ്ററുകളിലെത്തുന്നു. കളങ്കാവിൽ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക് മൂണിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് നിർമിക്കുന്നത്. ഓർഡിനറി, അനാർക്കലി തുടങ്ങിയ വിജയചിത്രങ്ങൾക്ക് ശേഷം രാജീവ് ഗോവിന്ദൻ നിർമിക്കുന്ന ചിത്രം കൂടിയാണിത്.
സത്യവും മിഥ്യയും ഇടകലരുന്ന, പരമ്പരാഗത ആചാരക്രമങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു ഫാന്റസി ത്രില്ലറാണ് മായൻ. അയർലൻഡ്, ഡെൻമാർക്ക് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും കുട്ടിക്കാനം, വാഗമൺ, ഈരാറ്റുപേട്ട എന്നിവിടങ്ങളിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്. ചിരിച്ചുകൊണ്ട് നിൽക്കുന്ന മുഖത്തോടെ കഠാര കുത്തിയിറക്കുന്ന ജയസൂര്യയുടെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. കത്തനാറിന് ശേഷം ശരീരവും മനസും ഏറെ കഷ്ടപ്പെട്ടാണ് ഈ ചിത്രത്തിനായി തയാറെടുത്തതെന്ന് ജയസൂര്യ വ്യക്തമാക്കിയിട്ടുണ്ട്.
പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയും സംവിധായകൻ ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ശ്രീഖിൽ ശ്രീനിവാസാണ് കോ-ഡയറക്ടർ. വിജയ് ബാബു, നൈലാ ഉഷ, അർഷാ ബൈജു, ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി, എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
സംഗീതം - മുജീബ് മജീദ്, ഛായാഗ്രഹണം-ഫൈസൽ അലി, എഡിറ്റിംഗ്- പ്രവീൺ കുമാർ, എക്സികുട്ടീവ് പ്രൊഡ്യൂസർ- രോഹിത് ആർ. നായർ, കലാ സംവിധാനം- സുനിൽ ദാസ്, മേക്കപ്പ് - അമൽ ചന്ദൻ, കോസ്റ്റ്യും ഡിസൈൻ- സമീറാ സനീഷ്, സ്റ്റിൽസ്- സിനറ്റ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വി. ബോസ്, പ്രൊഡക്ഷൻ മാനേജർ - പീറ്റർ അർത്തുങ്കൽ.
Tags : Jayasurya FantasyThriller Mayan Shooting