നടി അൻസിബ ഹസനുമായി ഉണ്ടായ പ്രശ്നങ്ങളെക്കുറിച്ച് തുറന്നപറഞ്ഞ് നടി ലക്ഷ്മിപ്രിയ രംഗത്ത്. തന്റെ ഫോണിലേക്ക് വന്ന അനാവശ്യമായ ഒരു സന്ദേശമാണ് ഈ പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്നും ഒരു പൗരയെന്ന നിലയിൽ അതിനെതിരെ പ്രതികരിക്കാൻ തനിക്ക് പൂർണ അവകാശമുണ്ടെന്നും ലക്ഷ്മിപ്രിയ പറയുന്നു.
‘‘പോലീസിനെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ നമ്മുടെ പക്കലുള്ള തെളിവുകളും വിവരങ്ങളും ഒക്കെ നമ്മൾ നൽകും. ഇവർ പല രീതിയിലും തെളിവുകൾ ശേഖരിച്ചിട്ടുണ്ടായിരുന്നു. ഇങ്ങനെ ഒരു പരാതിയുമായി പോകുന്നതിന് മുൻപ്, അവിടെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാണോ എന്ന് തുടങ്ങി ഒട്ടനവധി കാര്യങ്ങൾ അന്വേഷിച്ച ശേഷമുള്ള ഒരു ആസൂത്രിത നീക്കം ആയിരുന്നല്ലോ ഇത്.
അങ്ങനെയാണ് കേസ് കൊടുത്തത്. അതുകൊണ്ട് തന്നെ, ഞങ്ങൾ അവിടെ എത്ര സമയം ചിലവഴിച്ചു എന്നതുൾപ്പെടെ, അവിടെ എന്താണ് സംഭവിച്ചത് എന്നതിന്റെ വ്യക്തമായ ഡിജിറ്റൽ തെളിവുകൾ എന്റെ പക്കലുണ്ട്. അത് മുഴുവനായും ഞാൻ ഇന്ന് പോലീസിന് കൈമാറും.
എന്റെ ഫോണിലേക്ക് എനിക്ക് അനാവശ്യമെന്ന് തോന്നുന്ന ഒരു സന്ദേശം അയയ്ക്കുമ്പോൾ അതിന് മറുപടി നൽകാൻ ആ കുട്ടി ബാധ്യസ്ഥയായിരുന്നു.
ഡിസംബർ പത്താം തീയതി വന്ന സന്ദേശത്തിന് ജനുവരി 21 വരെ ഞാൻ പരാതി നൽകിയിരുന്നില്ല; ജനുവരി 22-നാണല്ലോ പരാതിപ്പെടുന്നത്. അപ്പോൾ എന്റെ ഫോണിലേക്ക് വരുന്ന ഒരു അനാവശ്യ സന്ദേശത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ഞാനല്ലേ?
അതിൽ പരാതി നൽകണമായിരുന്നോ ഇല്ലയോ എന്നത്, എന്റെ ഭർത്താവ് പ്രശ്നമാക്കിയത് വിട്ടേക്കൂ, എന്റെ ഫോണിലേക്ക് അങ്ങനെ ഒരു സന്ദേശം വരുമ്പോൾ തീർച്ചയായും നിയമപരമായി മുന്നോട്ട് പോകാൻ എനിക്ക് അവകാശമില്ലേ.
പിന്നെ, മൂന്ന് മണിക്കൂർ സ്റ്റേഷനിൽ ഇരുത്തിയോ ഇല്ലയോ എന്നത് പോലീസ് അധികാരികളാണ് സ്ഥിരീകരിക്കേണ്ടത്. എങ്കിലും എന്റെ ഓർമയിൽ ഒരു മണിക്കൂറും 17 മിനിറ്റും 20 സെക്കൻഡും മാത്രമാണ് ഞങ്ങൾ അവിടെ ഇരുന്നത്. ഇത്ര കൃത്യമായി ഞാൻ ആ സമയ ദൈർഘ്യം പറയണമെങ്കിൽ, എന്റെ പക്കൽ അതിന് കൃത്യമായ, ശക്തമായ തെളിവുകളുണ്ട് എന്ന് കരുതിക്കൊള്ളൂ.
നമ്മൾ രണ്ടുപേരും ഒരേ സംഘടനയിലെ അംഗങ്ങളാണ് എന്ന് വിചാരിക്കുക. നമ്മൾ സംഘടനയ്ക്ക് പുറത്ത് ഒരു കാര്യം ചെയ്യുമ്പോൾ അതിൽ സംഘടനയ്ക്ക് എന്താണ് ബാധ്യത? അത് സംഘടനയാണോ അന്വേഷിക്കേണ്ടത്? നമ്മൾ അത് നിയമപരമായി തന്നെയാണ്.
ഞാൻ ഇതുമായി ബന്ധപ്പെട്ട് സംഘടനയിൽ പരാതി നൽകിയിട്ടില്ല. കാരണം, എനിക്ക് പരാതിപ്പെടേണ്ട സ്ഥലമല്ല സംഘടന എന്ന വിവേകബുദ്ധി എനിക്കുണ്ട്. രണ്ടു വ്യക്തികൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കേണ്ടത് സംഘടനയല്ല; അതിന് സംഘടനയ്ക്ക് എന്താണ് ബാധ്യതയുള്ളത്?
ഞങ്ങൾ രണ്ടുപേരും ഒരേ സംഘടനയിലെ അംഗങ്ങളും ഒരേ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ആണെന്നത് ശരിയാണ്, എന്നാൽ അതിൽ സംഘടനയ്ക്ക് എങ്ങനെയാണ് റോൾ ഉള്ളത്? ഞാൻ അങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടില്ല, ഉന്നയിക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നുമില്ല.
എന്നാൽ കേസ് ആയതിനു ശേഷം, അൻസിബ കുറെ ഊഹാപോഹങ്ങൾ പറഞ്ഞുകൊണ്ട് ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഒരു സന്ദേശം അയച്ചിരുന്നു.
ആ സന്ദേശത്തിന് ഞാൻ അപ്പോൾ തന്നെ മറുപടി നൽകി. ‘‘മോൾ ഈ ഘോരഘോരം പറയുന്ന ഒരു കാര്യങ്ങളും എന്റെ പരാതിയിൽ ഇല്ല; നാലേ നാല് വരികൾ മാത്രമുള്ളതാണ് എന്റെ പരാതി. ഈ പറയുന്ന വിഷയങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ല’’ എന്ന് ഞാൻ അന്ന് തന്നെ വ്യക്തമാക്കിയതാണ്.
ഈ കേസുമായി ബന്ധപ്പെട്ട് ന്യായം ആരുടെ ഭാഗത്താണെന്ന് പറയേണ്ടത് ഞാനല്ലല്ലോ. എന്റെ ശരി എനിക്കറിയാം. ഞാൻ നാളിതുവരെ ജീവിച്ചതും മുന്നോട്ട് പോയതും എന്റെ ശരികളിലൂടെ മാത്രമാണ്. എന്റെ പിന്നിൽ ആരുമില്ല, എനിക്ക് പ്രത്യേക അജണ്ടകളുമില്ല.
എനിക്ക് ഇപ്പോഴും അൻസിബ ഹസ്സൻ എന്ന വ്യക്തിയോട് യാതൊരുവിധ വ്യക്തിവൈരാഗ്യവുമില്ല. അതിന്റെ കാരണം വ്യക്തമാക്കാം—ഡിസംബർ പത്താം തീയതി ഇങ്ങനെയൊരു സന്ദേശം അയച്ചിട്ടുപോലും, ഡിസംബർ 14-ാം തീയതി തിരുവനന്തപുരത്ത് വച്ച് ഞാൻ ആ മോളെ കണ്ടപ്പോൾ, അവൾക്കായി ഞാൻ വാങ്ങി സൂക്ഷിച്ചിരുന്ന സമ്മാനം വരെ കൊണ്ടുപോയി കൊടുത്തിട്ടുണ്ട്.
അപ്പോഴും ഞാൻ ഈ വിഷയത്തെക്കുറിച്ച് ചോദിച്ചിരുന്നു. ‘എന്താണ് അങ്ങനെ ഒരു സന്ദേശം അയച്ചത്, അതിന്റെ മറുപടി പറയൂ’ എന്ന് ഞാൻ ആവശ്യപ്പെട്ടപ്പോൾ, റൂമിലേക്ക് വന്ന് പറയാം എന്ന് പറഞ്ഞെങ്കിലും പിന്നീട് പറഞ്ഞില്ല.
പല അവസരങ്ങളിൽ ഞാൻ ഇത് ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഈ സംഭവത്തിന് മുൻപും പിൻപുമുള്ള ഞങ്ങളുടെ ചാറ്റുകൾ നോക്കിയാൽ തന്നെ നിങ്ങൾക്ക് അത് മനസിലാകും; എന്നോട് വ്യക്തിവൈരാഗ്യം ഉണ്ടാകേണ്ട വിധത്തിൽ ആ കുട്ടിയോ ഞാനോ പരസ്പരം പെരുമാറിയിട്ടില്ല.
ചുരുക്കത്തിൽ, അവൾ അയച്ച ആ ഒരു സന്ദേശം എന്നെ ഒരുപാട് വേദനിപ്പിച്ചു. എനിക്ക് മാനസികമായി ഒട്ടനവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. അതുകൊണ്ട് മാത്രമാണ് ഞാൻ പോലീസിൽ പരാതി നൽകിയത്.’’ലക്ഷ്മിപ്രിയയുടെ വാക്കുകൾ.
Tags : Lakshmi Priya Ansiba hassan amma