മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പുനഃസമാഗമത്തിലൊരുങ്ങിയ പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ "പേട്രിയറ്റ്' ജനഹൃദയങ്ങളില്‍ ആവേശം വിതച്ച് ബോക്സ്ഓഫീസ് വിജയത്തോടെ രണ്ടാംവാരത്തിലേക്ക്. സൈബര്‍ വിപ്ലവത്തിന്റെ പുതുയുഗത്തില്‍ സാധാരണക്കാരന്റെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതിനെക്കുറിച്ചാണു സിനിമ.
ഇതു സംവിധായകന്റെ സിനിമയാണ്. ഇവിടെ കഥയാണു താരം. കഥയുടെ നെടുംതൂണായി മമ്മൂട്ടിയുടെ കഥാപാത്രം ഡാനിയല്‍ ജെയിംസ്. ഡാനിയലിന്റെ ആത്മസുഹൃത്ത് കേണല്‍ റഹീം നായിക്കായി മോഹന്‍ലാല്‍ കഥയുടെ വൈകാരിക മൂഹൂര്‍ത്തങ്ങളില്‍ തീ പടര്‍ത്തുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്തും കോ-എഡിറ്ററും സംവിധായകനുമായ മഹേഷ് നാരായണന് സംസാരിക്കുന്നു.
കഥ കണ്ടെത്തിയത്..?
നമ്മുടെ ചുറ്റുപാടുകളില്‍ ഇപ്പോള്‍ ധാരാളം ആത്മഹത്യകള്‍ സംഭവിക്കുന്നുണ്ട്. അതിനെയൊക്കെ ചുറ്റിപ്പറ്റി ധാരാളം കേസുകളുമുണ്ട്. ആ കേസുകളിലെല്ലാം എന്തെങ്കിലുമൊക്കെ ഡിജിറ്റല്‍ തട്ടിപ്പുകള്‍ നടക്കുന്നുമുണ്ട്. അതായിരുന്നു ഈ കഥ ആലോചിക്കാനുള്ള പ്രചോദനം. നിരീക്ഷണ സോഫ്റ്റ്വെയര് പെരിസ്കോപ്പിനെക്കുറിച്ചു പത്രം വായിക്കുന്നവര്‍ക്കു ധാരണയുണ്ടാവും.
സൈബര്‍ ദുരുപയോഗത്തിന്റെ മൂലകാരണത്തിലേക്ക് എത്തുമ്പോള്‍ അതിനൊരു തീര്‍പ്പ് ഉണ്ടാകണമെന്ന ഒരു വ്യക്തിയുടെ തീരുമാനം. അങ്ങനെയാണു കഥാസഞ്ചാരം. സാധാരണക്കാരന്റെ പ്രതിനിധി എന്ന നിലയ്ക്കാണ് സ്കൂള്‍കുട്ടിയെ കാണിച്ചിരിക്കുന്നത്.
മുമ്പ് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഒന്നിച്ചു കണ്ടത് "ട്വന്റി 20'യിലാണ്. ഈ സിനിമയോട് ഇരുവരുടെയും സമീപനം..?

ഇതൊരു പ്ലോട്ട് ഡ്രിവണ്‍ സിനിമയാണെന്നും തങ്ങള്‍ ഈ കഥ ഇഷ്ടപ്പെട്ട് ഇതിലെ കഥാപാത്രങ്ങളായാണു വന്നതെന്നും അവര്‍തന്നെ പറഞ്ഞിട്ടുണ്ട്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും റീയൂണിയന് വരുന്നതുകൊണ്ടുമാത്രം അവരെ ആക്ടേഴ്സായി കാണാന്‍ പറ്റില്ലെന്നു പറയാനാവില്ലല്ലോ.
ഇരുവരും താരപ്പൊലിമയുടെ ലേബലുമായല്ല ഇതിലേക്കു വന്നത്. കഥയിലായിരുന്നു അവരുടെ വിശ്വാസം. അങ്ങനെ ഇതിന്റെ ഭാഗമാകാന്‍ വന്നപ്പോള്‍ അവരിലെ ആക്ടേഴ്സിനെ കൂടുതലായി ഉപയോഗിക്കാമെന്നു മാത്രമാണ് ഉദ്ദേശിച്ചത്. അങ്ങനെതന്നെയാണ് ഞാന്‍ ഈ സിനിമ രൂപകല്പന ചെയ്തത്.
സംവിധായകന്റെ സാങ്കേതിക വൈഭവം അറിയിക്കാൻ ചെയ്ത സിനിമയെന്നു വിമര്‍ശനമുണ്ടല്ലോ..?
കഥയ്ക്ക് ആവശ്യമുള്ളത് എന്താണോ അതു ചെയ്യാനാണല്ലോ ഞാന്‍ ശ്രമിക്കുന്നത്. മലയാളത്തില്‍ ഇങ്ങനെയൊരു സിനിമ ഇതിനുമുമ്പു നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ലല്ലോ.
മൂന്നു മണിക്കൂര്‍ സിനിമകള്‍ പലപ്പോഴും പ്രേക്ഷകന്റെ ക്ഷമ പരിശോധിക്കുമ്പോള്‍ നല്ലരീതിയില്‍ ആസ്വദിക്കാനുള്ള മാസ് ചേരുവകള്‍ താങ്കളുടേതായ രീതിയില്‍ ചേര്‍ത്തിരിക്കുന്നു..?
ഇതില്‍ റഹീമിനായാലും ഡാനിയലിനായാലും, അവര്‍ക്കു വേണ്ടരീതിയിലുള്ള ഇടം കൊടുത്തിട്ടുണ്ട്. റഹീം ഒരു പട്ടാളക്കാരനാണ്. അദ്ദേഹത്തിന്റെ ബാക്ക് സ്റ്റോറിയില്‍ ഒരു കാല് നഷ്ടമാകാനിടയായ എന്‍കൗണ്ടര്‍ എന്താണെന്ന് ഒരാള്‍ പറയുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് അയാളുടെ ആത്മത്യാഗത്തിന്റെ ഒരു കഥ കൂടി വെളിപ്പെടുന്നുണ്ട്. അവിടെയാണ് ഈ സിനിമ അവസാനിക്കുന്നതും.
ആരാണു ദേശസ്നേഹി (പേട്രിയറ്റ്) എന്ന ചോദ്യമല്ലേ സിനിമ ഉന്നയിക്കുന്നത്..?
തീര്‍ച്ചയായും. കഥാവസാനം പ്രേക്ഷകരോടു ചോദിക്കുന്ന ചോദ്യമാണല്ലോ അത്. ഉത്തരം പറയേണ്ടതു പ്രേക്ഷകര്‍ തന്നെയാണ്.
പൊളിറ്റിക്കല്‍ ത്രില്ലര്‍ എഴുതുമ്പോള്‍ രാഷ്്ട്രീയ നേതാക്കളും സംഭവങ്ങളുമൊക്കെ സ്വാധീനിക്കാവുന്നതാണ്. അത്തരം അനുഭവങ്ങള്‍ ഇതിൽ ഉണ്ടായിട്ടുണ്ടോ..?
ഈ സിനിമ അത്തരത്തില്‍ ആരെയും പ്രതിനിധീകരിക്കുന്നില്ല. ഇനി, ആളുകള്‍ക്ക് ആരെയെങ്കിലും അങ്ങനെ വായിക്കാന്‍ പറ്റുന്നെങ്കില്‍ അവര്‍ അതു ചെയ്തോട്ടെ. അങ്ങനെയേ ഞാന്‍ അതിനെ കാണുന്നുള്ളൂ.
എഴുത്തും അതിന്റെ നിര്വഹണവുമാണല്ലോ ഫിലിം മേക്കിംഗ്. ഏറ്റവും സംഘര്‍ഷഭരിതമായ ഘട്ടം ഏതാണ്..?
എഴുത്ത് എങ്ങനെ ഉണ്ടായിവരുന്നു എന്നതുതന്നെയാണ് ഏറ്റവും സംഘര്‍ഷഭരിതം. അതു കഴിഞ്ഞാണല്ലോ ബാക്കിയെല്ലാം. ഈ സിനിമയെ സംബന്ധിച്ചിടത്തോളം മുന്‍ ഉദാഹരണങ്ങള്‍ ഇല്ലാത്തതു കൊണ്ടുതന്നെ ഇതു രൂപപ്പെട്ടുവരുമ്പോള്‍ എങ്ങനെയാവും എന്നൊക്കെ അറിയുക കുറച്ചു ബുദ്ധിമുട്ടായിരുന്നു.
കഥാപശ്ചാത്തലത്തില്‍ പൊളിറ്റിക്സ്. സെന്സറിംഗില് പ്രയാസങ്ങള്‍..?
അങ്ങനെ കാര്യമായിട്ടില്ല. റിവൈസിംഗ് കമ്മറ്റിക്കു ചില നിര്‍ദേശങ്ങളുണ്ടായിരുന്നു. പക്ഷേ, അതു വലിയ പ്രശ്നമായി തോന്നിയില്ല.
ഫഹദും കുഞ്ചാക്കോ ബോബനും കേന്ദ്രകഥാപാത്രങ്ങളാകുമ്പോള്..?

മുമ്പ് ഫഹദിനെക്കൊണ്ട് ഇങ്ങനെയൊരു നെഗറ്റീവ് ഷേഡുള്ള വേഷം ഞാന്‍ ചെയ്യിച്ചിട്ടില്ല. അതുകൊണ്ട് എനിക്കിതു കുറച്ചുകൂടി വെല്ലുവിളിയായിരുന്നു. ചാക്കോച്ചന്റെ കഥാപാത്രവും കുറച്ചു സങ്കീര്‍ണമായിരുന്നു. അത്തരമൊരു കഥാപാത്രം അദ്ദേഹത്തെക്കൊണ്ടു ചെയ്യിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം.
കുഞ്ചാക്കോ ബോബനു വീണ്ടും റൊമാന്റിക് സീനുകള്‍. ഒപ്പം ചില വൈകാരിക മുഹൂര്‍ത്തങ്ങളും..?

ചാക്കോച്ചന്റെ മൈക്കിള്‍ അതൊക്കെ ആവശ്യമുള്ള കഥാപാത്രമായതിനാല്‍ അങ്ങനെ ചെയ്തിട്ടുണ്ട്. "ടേക്ക് ഓഫി'ലും "അറിയിപ്പി'ലുമൊക്കെ ഒന്നിച്ചു പ്രവര്‍ത്തിച്ച അനുഭവം മുന്‍നിര്‍ത്തിയാണ് ചാക്കോച്ചനെ സമീപിച്ചത്.
ജെ.പി.സുന്ദരം എന്ന കഥാപാത്രമായി രാജീവ് മേനോനെ കാസ്റ്റ് ചെയ്തത്..?
അദ്ദേഹം ഇതിനുമുമ്പ് വെട്രിയുടെ പടത്തില്‍ അഭിനയിച്ചിരുന്നു. ഇതിലെ കഥാപാത്രത്തിന് രാജീവ് മേനോന് ചേരുമെന്നു തോന്നി. ആ വേഷത്തിനുള്ള ഫസ്റ്റ് ചോയ്സ് അദ്ദേഹം തന്നെയായിരുന്നു.
രേവതിക്കും നയന്‍താരയ്ക്കും നിര്‍ണായക വേഷങ്ങള്‍. പക്ഷേ, കൂടുതല്‍ സ്ക്രീന്‍ സ്പേസ് ദര്ശനയ്ക്കും ഷെറിനുമാണല്ലോ..?
എല്ലാവരും അവരവര്‍ക്ക് എന്താണോ ചെയ്യാനുള്ളത് അതുതന്നെയാണു ചെയ്തിരിക്കുന്നത്. കഥയില്‍ എത്രത്തോളം ഇടമാണ് ഓരോരുത്തര്‍ക്കും ആവശ്യമായത് അത്രത്തോളം തന്നെ കിട്ടിയിട്ടുമുണ്ട്.
ഫഹദിന്റെയും മമ്മൂട്ടിയുടെയും എയര്‍ ക്രാഫ്റ്റ് സീനുകള്‍ കഥാപരമായും നിര്‍ണായകം. വിഎഫ്എക്സിലാണോ അതിന്റെ മേക്കിംഗ്..?
ശ്രീലങ്കയിലെ യഥാര്‍ഥ ലൊക്കേഷനിലായിരുന്നു ചിത്രീകരണം. ശ്രീലങ്കന്‍ എയര്‍ഫോഴ്സിന്റെ സി 130 എയര്‍ക്രാഫ്റ്റിലാണ് ഫഹദിന്റെ സീന്‍ ചിത്രീകരിച്ചത്. ഫഹദിന്റെ മിഗും മമ്മൂക്കയുടെ ആക്ഷന്‍ സീനുകളും ചിത്രീകരിച്ചതും ശ്രീലങ്കയില്‍നിന്ന് ഏര്‍പ്പെടുത്തിയ എയര്‍ക്രാഫ്റ്റുകളിലാണ്.
സ്വന്തം കാഴ്ചപ്പാടിലുള്ള ഔട്ട്പുട്ടിലേക്ക് എത്തുന്നതിനാണോ എഡിറ്റിംഗിലും പ്രവര്‍ത്തിച്ചത്..?
അങ്ങനെ ചെയ്യാന്‍ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് അതു സംഭവിച്ചത്. അപ്പോള്‍ നമ്മുടെ മനസിലുള്ള സിനിമ പുറത്തുവരുന്നതിന്റെ സന്തോഷം തോന്നാറുണ്ട്.
മേക്കിംഗില്‍ വെല്ലുവിളിയായി തോന്നിയത്..?
ഒത്തിരി സ്ഥലങ്ങള്‍, ഒരുപാടു ലൊക്കേഷനുകള്‍, പല രാജ്യങ്ങള്‍...അതൊക്കെ ചലഞ്ച് തന്നെയാണ്. ആറു രാജ്യങ്ങളിലൂടെ 133 ദിവസത്തെ ചിത്രീകരണം. മലയാളത്തില്‍ ഇതുവരെ പറയാത്ത ഒരു വിഷയമാണ് ഈ സിനിമ പറയുന്നതെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. എന്നെ വിശ്വസിച്ച് ഇങ്ങനെയൊരു സിനിമ ചെയ്യാന്‍ തയാറായ ആന്റോ ജോസഫിനോടും സഹനിര്മാതാക്കളോടുമാണ് ഞാന്‍ നന്ദിപറയുന്നത്.
Tags : mahesh narayanan interview patriot