ഷോർട്ഫിലിമിൽ നിന്നും
‘ബെത്ലഹേം കുടുംബ യൂണിറ്റ്’ സിനിമയിൽ നിവിന്റെ സഹോദരനായി വേഷമിട്ട സംഗീത് പ്രതാപിന്റെ കഥാപാത്രം ഒരു ഷോർട്ട് ഫിലം സംവിധാനം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ സംഗീത് സംവിധാനം ചെയ്ത ഷോർട്ട് ഫിലിം പുറത്തിറക്കി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ‘സോൾമേറ്റ്സ് – ഒരു സാത്തുക്കുടി പ്രണയം’ എന്ന ഷോർട്ട് ഫിലിമാണ് ഭാവന സ്റ്റുഡിയോസ് പുറത്തുവിട്ടത്.
‘ബെത്ലഹേം കുടുംബ യൂണിറ്റ്’ സിനിമയിലെ രംഗങ്ങൾകൂടി ചേർത്ത് രസകരമായ ഷോർട്ട് ഫിലിമാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.
സിനിമയിൽ നിവിൻ പോളി അവതരിപ്പിക്കുന്ന ജസ്റ്റിൻ എന്ന കഥാപാത്രത്തിന്റെ അനിയനാണ് സംഗീത് പ്രതാപ് അവതരിപ്പിക്കുന്ന ജോയൽ.
തമാശനിറഞ്ഞ ഒരുപാട് റഫറൻസുകൾ ചേർത്താണ് രംഗങ്ങൾ ഒരുക്കിയിരുന്നത്. വിനീത് വിശ്വവും പാർവതി അയ്യപ്പദാസുമാണ് ഷോർട്ട് ഫിലിമിലെ പ്രധാന കഥാപാത്രങ്ങൾ. നിവിൻ പോളിയും ഷോർട്ട് ഫിലിമിൽ എത്തുന്നുണ്ട്.
ഷോർട്ട് ഫിലിം റിലീസിന്റെ പോസ്റ്റർ ഭാവന സ്റ്റുഡിയോസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ‘ചെറായി ബീച്ചിലെ സയാഹ്നങ്ങളേക്കാൾ മനോഹരം നിന്നോടൊപ്പമുള്ള കടുംകാപ്പി’ എന്ന അടിക്കുറിപ്പിനൊപ്പമാണ് പോസ്റ്റർ പങ്കുവച്ചത്.
അതേസമയം ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ വലിയ വിജയമായി തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ ആഗോള കലക്ഷൻ 150 കോടി കടന്നു.
Tags : Soulmates - Oru Saathukkudi Pranayam Nivin Pauly Gireesh AD SANGEETH PRATAP BKU