തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ ഏറ്റവും പുതിയൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പൂർണഗർഭിണിയായ യുവതിക്കായി പ്രോട്ടോക്കോൾ ലംഘിച്ച് വേദിയിൽ നിന്ന് സദസിലേയ്ക്ക് ഇറങ്ങിച്ചെന്നതാണ് കൈയടിക്ക് ഇടയാക്കിയത്.
തമിഴ്നാട് പബ്ലിക് സർവീസ് കമ്മീഷൻ മുഖേന വൈദ്യുതി വകുപ്പിൽ ജോലി ലഭിച്ച 401 ഉദ്യോഗാർഥികൾക്കുള്ള അപ്പോയിന്റ്മെന്റ് ലെറ്റർ വിതരണം ചെയ്യുന്ന ചടങ്ങിലായിരുന്നു സംഭവം.
ചെന്നൈയിലെ പ്രശസ്തമായ കലൈവനാർ അരംഗം ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. 383 അസിസ്റ്റന്റ് എൻജിനീയർമാർക്കും, 18 അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസർമാർക്കുമാണ് ചടങ്ങിൽ നിയമന ഉത്തരവുകൾ കൈമാറിയത്.
വൈദ്യുതി വകുപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ അക്ഷയാ ലക്ഷ്മി എന്ന ഉദ്യോഗാർഥിയും ഉൾപ്പെട്ടിരുന്നു. അക്ഷയയുടെ പേര് വേദിയിലേക്ക് അനൗൺസ് ചെയ്തപ്പോഴാണ് അവർ ഒൻപത് മാസം പ്രായമുള്ള ഗർഭിണിയാണെന്ന വിവരം മുഖ്യമന്ത്രി വിജയ്യുടെ ശ്രദ്ധയിൽപ്പെടുന്നത്.
പ്രസവത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ള അക്ഷയയ്ക്ക് പടവുകൾ കയറി സ്റ്റേജിലേക്ക് എത്തുക ബുദ്ധിമുട്ടാണെന്ന് മുഖ്യമന്ത്രി പെട്ടെന്ന് തന്നെ മനസിലാക്കി. സുരക്ഷാ ഉദ്യോഗസ്ഥരെയും ഔദ്യോഗിക പ്രോട്ടോക്കോളുകളെയും അമ്പരപ്പിച്ചുകൊണ്ട് വിജയ് പെട്ടെന്ന് തന്നെ വേദിയിൽ നിന്നും താഴേക്ക് ഇറങ്ങാൻ തീരുമാനിക്കുകയായിരുന്നു.
മുഖ്യമന്ത്രി നേരിട്ട് പടികളിറങ്ങി സദസ്സിലിരുന്ന അക്ഷയയ്ക്ക് അരികിലേക്ക് നടന്നെത്തി. നിറഞ്ഞ ചിരിയോടെ അക്ഷയയ്ക്ക് നിയമന ഉത്തരവ് കൈമാറിയ വിജയ് പുതിയ ജോലിയിലേക്ക് പ്രവേശിക്കുന്ന അവർക്ക് എല്ലാവിധ ആശംസകളും നേർന്നു.
സുരക്ഷിതമായി കുഞ്ഞിന് ജന്മം നൽകാൻ സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചപ്പോൾ സദസിൽ നിന്നും വലിയ കൈയടിയാണ് ഉയർന്നത്. ജൂൺ 28 ആണ് അക്ഷയയ്ക്ക് ഡോക്ടർമാർ നൽകിയിരിക്കുന്ന പ്രസവ തീയതി.
Tags : Vijay pregnant woman social media