സംസ്ഥാന ദുരന്തനിവാരണ സേനകൾ
ന്യൂഡൽഹി: ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) മാതൃകയിൽ അത്യാധുനിക സംവിധാനങ്ങളോടെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സംസ്ഥാന ദുരന്തനിവാരണ സേനകൾ (എസ്ഡിആർഎഫ്) സജ്ജമാക്കാൻ കേന്ദ്രസർക്കാർ.
ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. കഴിഞ്ഞ വർഷം ഭേദഗതി വരുത്തിയ ദുരന്തനിവാരണ നിയമപ്രകാരം എല്ലാ സംസ്ഥാനങ്ങളിലും വിദഗ്ധ എസ്ഡിആർഎഫ് യൂണിറ്റുകൾ നിർബന്ധമാക്കിയിരുന്നു.
ദേശീയ ദുരന്തനിവാരണ അഥോറിറ്റി (എൻഡിഎംഎ) തയാറാക്കിയ പുതിയ മാർഗനിർദേശപ്രകാരം എസ്ഡിആർഎഫ് സേനകളിലേയ്ക്ക് അഗ്നിവീറുകൾക്കും എൻസിസി സർട്ടിഫിക്കറ്റ് ഉള്ളവർക്കും മുൻഗണന നൽകും. കൂടാതെ 15 ശതമാനം സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യും.
ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നയിക്കുന്ന ഓരോ ബറ്റാലിയനിലും 600 മുതൽ 1200 വരെ കേഡർമാർ ഉണ്ടായിരിക്കും. പോലീസുകാർ, മുൻ സൈനികർ, എൻഡിആർഎഫ് ഉദ്യോഗസ്ഥർ എന്നിവരെക്കൂടാതെ എൻജിനിയർമാർ, ഡോഗ് ഹാൻഡ്ലർമാർ, സിബിആർഎൻ വിദഗ്ധർ, മുങ്ങൽ വിദഗ്ധർ, മെഡിക്കൽ ടീം എന്നിവരടങ്ങിയ 45 മുതൽ 50 വരെ അംഗങ്ങളുള്ള സ്വയം പര്യാപ്തമായ ചെറിയ സംഘങ്ങളായിട്ടായിരിക്കും ഇവ പ്രവർത്തിക്കുക.
എല്ലാവിധ ചെറിയ ദുരന്തങ്ങൾക്കും എൻഡിആർഎഫ് സംഘത്തെ ആശ്രയിക്കുന്ന പ്രവണത ഒഴിവാക്കാനും അതത് പ്രദേശങ്ങളിൽ പ്രാദേശികമായ ഭൂപ്രകൃതിയും സാധ്യതയുള്ള ദുരന്തങ്ങളും കണക്കിലെടുത്ത് വേഗത്തിൽ രക്ഷാപ്രവർത്തനം ഉറപ്പാക്കാനുമാണ് എസ്ഡിആർഎഫിനെ നിയോഗിക്കുക. പല സംസ്ഥാനങ്ങളിലും എസ്ഡിആർഎഫ് ഉണ്ടെങ്കിലും അവ പേരിനു മാത്രമാണ്.
ക്രമസമാധാന പാലനത്തിനോ ആയുധമേന്തിയ പ്രവർത്തനങ്ങൾക്കോ എസ്ഡിആർഎഫിനെ നിയോഗിക്കില്ല. ദുരന്തനിവാരണം മാത്രമായിരിക്കും ചുമതല.
തീർഥാടന കേന്ദ്രങ്ങൾ, വിനോദസഞ്ചാര മേഖലകൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ മുൻകൂട്ടിയുള്ള സുരക്ഷാ ഓഡിറ്റുകളും മോക്ക് ഡ്രില്ലുകളും നടത്താൻ എസ്ഡിആർഎഫിന് ചുമതലയുണ്ടായിരിക്കും.
Tags : SDRF Reservation Women Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash