പ്രഗ്നാനന്ദ ഗ്രാൻഡ് ചെസ് ടൂർ ജയത്തിനു ശേഷം
സെന്റ് ലൂയിസ്: ഇന്ത്യന്‍ ചെസ് വിസ്മയം ആര്. പ്രഗ്നാനന്ദ ചരിത്ര നേട്ടത്തില്‍. 2026 ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനല്‍സ് കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന് എന്ന നേട്ടമാണ് ഇരുപത്തൊന്നുകാരനായ പ്രഗ്നാനന്ദ കുറിച്ചത്.
അമേരിക്കയിലെ സെന്റ് ലൂയിസില്‍ അരങ്ങേറിയ ഗ്രാന്‍ഡ് ഫൈനല്‍സില്‍ 15-13ന് അമേരിക്കയുടെ ഫാബിയാനൊ കരുവാനയെ കീഴടക്കിയാണ് പ്രഗ്നാനന്ദയുടെ ചരിത്രനേട്ടം. രണ്ടു ലക്ഷം ഡോളറാണ് (1.90 കോടി രൂപ) സമ്മാനത്തുക. ചെന്നൈ സ്വദേശിയായ താരത്തിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്.
ആദ്യം സെമി ഫൈനല്‍
പ്രഗ്നാനന്ദയ്ക്കും ഫാബിയാനൊ കരുവാനയ്ക്കും പുറമേ വിന്‍സെന്റ് കീമര്‍ (ജര്‍മനി), വെസ്ലി സൊ (അമേരിക്ക) എന്നിവരായിരുന്നു ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനല്‍സിലേക്കു യോഗ്യത നേടിയത്. ഈ നാലു പേരും സെമിയില്‍ ഏറ്റുമുട്ടി. പ്രഗ്നാനന്ദയും കീമറും തമ്മിലായിരുന്നു ആദ്യ സെമി. വെസ്ലി സൊയും കരുവാനയും രണ്ടാം സെമിയില്‍ ഏറ്റുമുട്ടി. ക്ലാസിക്ക്, റാപ്പിഡ്, ബ്ലിറ്റ്സ് എന്നിങ്ങനെ മൂന്നു ഫോര്‍മാറ്റിലും ഓരോ റൗണ്ട് വീതമായാണ് ഗ്രാന്‍ഡ് ഫൈനല്‍സ് അരങ്ങേറുന്നത്. കീമറിനെ ക്ലാസിക്കില്‍ 9-3നും റാപ്പിഡില്‍ 8-0നും ബ്ലിറ്റ്സില്‍ 6-2നും പ്രഗ്നാനന്ദ തോല്‍പ്പിച്ചു. അതോടെ സെമിയില്‍ ഇന്ത്യന്‍ താരത്തിന്റെ ജയം 19-9ന്.
വെസ്ലി സൊയെ ക്ലാസിക്കില്‍ 8-6നു തോല്‍പ്പിച്ച കരുവാന റാപ്പിഡില്‍ 4-4നു സമനില വഴങ്ങി. തുടര്‍ന്നു ബ്ലിറ്റ്സില്‍ 6-2നു ജയിച്ച്, ആകെ 18-12ന്റെ ലീഡുമായി ഫൈനലിലേക്കു യോഗ്യത നേടി.
പ്രഗ്നാനന്ദ x കരുവാന
ഗ്രാന്‍ഡ് ഫൈനല്‍സിന്റെ കിരീട പോരാട്ടം തോല്‍വിയോടെയാണ് പ്രഗ്നാനന്ദ ആരംഭിച്ചത്. ക്ലാസിക്കല്‍ ഗെയിമില്‍ കരുവാന 9-3ന്റെ ജയം നേടി. ആറു പോയിന്റിനു പിന്നിലായാണ് ടൂര്‍ണമെന്റിന്റെ അവസാനദിനം പ്രഗ്നാനന്ദ ആരംഭിച്ചത്. അവസാനദിനത്തിലെ ആദ്യ മത്സരമായ റാപ്പിഡ് പോരാട്ടത്തില്‍ പ്രഗ്നാനന്ദ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. 8-0ന്റെ ആധികാരിക ജയം. അതോടെ ആറു പോയിന്റിന്റെ കടംവീട്ടി, രണ്ടു പോയിന്റ് ലീഡും സ്വന്തം. തുടര്‍ന്നു നിര്‍ണായകമായ ബ്ലിറ്റ്സ്. ബ്ലിറ്റ്സ് പോരാട്ടത്തില്‍ 4-4ന്റെ സമനില. അങ്ങനെ 15-13ന്റെ ജയവുമായി ടൂര്‍ണമെന്റിന്റെ ചാമ്പ്യന്പട്ടാഭിഷേകം...
ചെസ് പോരാട്ടത്തിലെ ഓള്‍റൗണ്ട് ടൂര്‍ണമെന്റാണ് ഗ്രാന്‍ഡ് ടൂര്‍. അതായത് ക്ലാസിക്ക്, റാപ്പിഡ്, ബ്ലിറ്റ്സ് ഫോര്‍മാറ്റുകളില്‍ ടൂര്‍ണമെന്റ് അരങ്ങേറും. ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ക്ലാസിക്കല്‍ ഫോര്‍മാറ്റാണ്.
ടൈബ്രേക്കറില്‍ മാത്രമാണ് റാപ്പിഡ്/ബ്ലിറ്റ്സ് മത്സരം അരങ്ങേറാറുള്ളത്. എന്നാല്‍, ഗ്രാന്‍ഡ് ചെസ് ടൂറില്‍ ഫൈനല്‍സ് അടക്കം ആറ് ടൂര്‍ണമെന്റുകള്‍ ഉണ്ട്. അതില്‍ രണ്ട് എണ്ണം ക്ലാസിക്കല്‍ ഫോര്‍മാറ്റിലും മൂന്ന് എണ്ണം ബ്ലിറ്റ്സ് & റാപ്പിഡ് ഫോര്‍മാറ്റിലുമാണ്. ഈ അഞ്ച് ടൂര്‍ണമെന്റിലായി ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന നാലു താരങ്ങളാണ് ഫൈനല്‍സിലേക്കു യോഗ്യത നേടുന്നത്. ഫൈനല്‍സില്‍ ആദ്യം ക്ലാസിക്ക്, തുടര്‍ന്നു റാപ്പിഡ്, ബ്ലിറ്റ്സ് ഫോര്‍മാറ്റുകളില്‍ മത്സരം അരങ്ങേറും. മൂന്നിന്റെയും ആകെത്തുകയാണ് ജേതാവിനെ നിര്‍ണയിക്കുന്നത്.
ഈ വര്‍ഷം മേയ് ആദ്യവാരം അരങ്ങേറിയ സൂപ്പര്‍ റാപ്പിഡ് & ബ്ലിറ്റ്സ് പോളണ്ട് പോരാട്ടത്തോടെയാണ് ഗ്രാന്‍ഡ് ചെസ് ടൂര്‍ണമെന്റിനു തുടക്കമായത്. ആ ടൂര്‍ണമെന്റില്‍ പ്രഗ്നാനന്ദ പങ്കെടുത്തില്ല. തുടര്‍ന്നു നടന്ന സൂപ്പര്‍ ചെസ് ക്ലാസിക്ക് റൊമാനിയ, സൂപ്പര്‍ റാപ്പിഡ് & ബ്ലിറ്റ്സ് ക്രൊയേഷ്യ, സെന്റ് ലൂയിസ് റാപ്പിഡ് & ബ്ലിറ്റ്സ്, സിന്‍ക്വിഫീല്‍ഡ് കപ്പ് (ക്ലാസിക്ക്) പോരാട്ടങ്ങളിലായി പ്രഗ്നാനന്ദ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു.
ക്രൊയേഷ്യയില്‍ മൂന്നാം സ്ഥാനം നേടിയ ഇന്ത്യന്‍ താരം സെന്റ് ലൂയിസില്‍ അരങ്ങേറിയ റാപ്പിഡ് & ബ്ലിറ്റ്സ്, സിക്വിഫീല്ഡ് പോരാട്ടങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം സ്വന്തമാക്കി. സിക്വിഫീല്ഡില് ടൈബ്രേക്കറിലൂടെ വെസ്ലി സൊയോടു പരാജയപ്പെട്ടായിരുന്നു പ്രഗ്നാനന്ദ രണ്ടാം സ്ഥാനത്തില്‍ ഒതുങ്ങിയതെന്നതും ശ്രദ്ധേയം.
Tags : Praggnanandhaa GrandChessTour Wins Sports