തിരുവനന്തപുരം: ചേന്തിയിലെ ചതയ ദിന പരിപാടിയിൽ പങ്കെടുക്കുമെന്ന് മാസങ്ങൾക്കു മുമ്പ് മുഖ്യമന്ത്രി വി.ഡി. സതീശന് സമ്മതിച്ചതാണെന്ന് ഡിസിസി അംഗം ചേന്തി അനിൽ. അവസാന നിമിഷം വരെ അദ്ദേഹം വരുമെന്ന് പറഞ്ഞു. ഇന്നലെ പോലീസ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി.
എന്നാൽ ഉള്ളൂരിൽ കല്യാണ വീട്ടിൽ എത്തിയ മുഖ്യമന്ത്രി തങ്ങളുടെ പരിപാടിക്ക് എത്തിയില്ല. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് കൈകാണിച്ചപ്പോൾ അദ്ദേഹം പുറത്തിറങ്ങി. ക്ഷുഭിതനായാണ് മുഖ്യമന്ത്രി സംസാരിച്ചത്. സംഘാടകർക്കൊപ്പം ഉണ്ടായിരുന്ന പീതാംബരക്കുറുപ്പിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുമാറ്റുകയും ചെയ്തെന്ന് ചേന്തി അനിൽ പറഞ്ഞു.
അതിനിടെ ചേന്തിയിൽ കോണ്ഗ്രസ് ജില്ലാ നേതാവ് സംഘടിപ്പിച്ച ചതയദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു നിർത്തിയ സംഭവത്തിൽ കേസെടുത്തിരിക്കുകയാണ് പോലീസ്. ഡിസിസി അംഗം ചേന്തി അനിലിനെയടക്കം പ്രതിയാക്കി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസപ്പെടുത്തൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, അപമാര്യാദയായി പെരുമാറൽ, ഗതാഗതം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ക്രിമിനൽ പശ്ചാത്തലമുള്ള ചിലർ ഉദ്ഘാടന വേദിയിലുണ്ടാകുമെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിൻമാറിയതെന്നാണ് വിവരം. 7.30 നുള്ള ട്രെയിനിൽ കൊച്ചിയിലേക്ക് പോകേണ്ട തിരക്കുള്ളതിനാലാണ് പരിപാടി റദ്ദാക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
Tags : CM Chenti Event Chenti Anil Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash