ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലും ആസാമിലും പുതുച്ചേരിയിലുമായി വീട്ടിൽ വോട്ടുചെയ്യുന്നത് 2.3 ലക്ഷം പേരെന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ. പ്രായമേറിയവർക്കും ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർക്കുമാണീ സൗകര്യം.
വിവിധ മണ്ഡലങ്ങളിൽ വോട്ടിംഗ് പ്രക്രിയ തുടരുകയാണെന്നും അടുത്ത ഞായറാഴ്ചയോടെ പൂർത്തിയാകുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
തമിഴ്നാട്, പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനും മറ്റ് ആറ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിനും സൗകര്യം ഉണ്ടാകും.
1951 ലെ ജനപ്രതിനിധ്യ നിയമം അനുസരിച്ചാണ് 85 വയസിനു മുകളിലുള്ള വോട്ടർമാർക്കും ശാരീരിക ന്യൂനതകൾ അനുഭവിക്കുന്നവർക്കും വീട്ടിൽ വോട്ട് ചെയ്യാൻ അവസരം നൽകുന്നത്. വിജ്ഞാപനം പുറത്തിറങ്ങി അഞ്ചുദിവസത്തിനകം വോട്ടർമാർ ഇതിനായി അപേക്ഷ നൽകണമെന്നു മാത്രം.
സുതാര്യത ഉറപ്പാക്കാൻ നടപടികൾ പൂർണമായും വീഡിയോയിൽ ചിത്രീകരിക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
Tags : vote home Kerala Assembly Election Niyama Sabha Election Kerala Assam Puthucherry