അമരാവതി: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ റോഡപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പെരുഗു അമർ ബാബു (22) ഇനി ആറ് പേരിലൂടെ ജീവിക്കും. എഞ്ചിനീയറിഗ് വിദ്യാർഥിയായിരുന്ന പെരുഗുവിന്റെ ഹൃദയം, വൃക്കകൾ, കരൾ, കണ്ണുകൾ എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്.
ഗുണ്ടൂർ ആശുപത്രിയിലെ ജീവൻ ദാൻ പരിപാടിയുടെ ഭാഗമായി പെരുഗുവിന്റെ അവയവങ്ങൾ വിവിധ ആശുപത്രികളിലേക്ക് അയച്ചു.
പെരുഗുവിന്റെ ഹൃദയം തിരുപ്പതിയിലെ പത്മാവതി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും ഒരു വൃക്കയും കരളും ഗുണ്ടൂരിലെ രമേശ് ആശുപത്രിയിലേക്കും ദാനം ചെയ്തു. മറ്റൊരു വൃക്ക മംഗലഗിരിയിലെ എൻആർഐ ആശുപത്രിയിലേക്കും കണ്ണുകൾ സുദർശിനി നേത്ര ബാങ്കിലേക്കും നൽകി.
മകന്റെ വിയോഗം താങ്ങാനാവാത്തതാണെങ്കിലും മറ്റൊരു കുടുംബം കഷ്ടപ്പെടരുതെന്നും പെരുഗുവിന്റെ അമ്മ കോടേശ്വരി പറഞ്ഞു. അതുകൊണ്ടാണ് അവന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതിച്ചത്.
Tags : Andhra Engineering Student Save Organ Donation