നടി തൃഷ കൃഷ്ണൻ, മാധ്യമപ്രവർത്തകയും അവതാരികയുമായ ഓപ്ര വിൻഫ്രി
ചെന്നൈ: പ്രായമാകുന്നതിനെയും സ്വയം തിരിച്ചറിയുന്നതിനെയും കുറിച്ച് വിഖ്യാത മാധ്യമപ്രവർത്തകയും അവതാരികയുമായ ഓപ്ര വിൻഫ്രി പങ്കുവെച്ച ആശയങ്ങൾ ഏറ്റെടുത്ത് തെന്നിന്ത്യൻ താരം തൃഷ കൃഷ്ണൻ. ജീവിതത്തിൽ യഥാർത്ഥ സന്തോഷവും ലക്ഷ്യബോധവും കണ്ടെത്തുന്നത് 44-ാം വയസ്സിലാണെന്ന ഓപ്രയുടെ വാക്കുകളുടെ വീഡിയോ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ച തൃഷ "ആമേൻ" എന്നാണ് അതിന് അടിക്കുറിപ്പ് നൽകിയത്. മേയ് നാലിന് തൃഷ തന്റെ 43-ാം ജന്മദിനം ആഘോഷിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പോസ്റ്റ്.
കെകെ പൽമറുടെ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് ഓപ്ര തന്റെ ജീവിതാനുഭവം തുറന്നുപറഞ്ഞത്. 30-കളിലേക്ക് വീണ്ടും തിരികെ പോകാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, "ഇല്ല, എനിക്ക് 44-ാം വയസിലേക്ക് പോകാനാണ് ഇഷ്ടം. കാരണം 44-ലാണ് യഥാർത്ഥ ജീവിതം ആരംഭിക്കുന്നത്" എന്ന് ഓപ്ര വ്യക്തമാക്കുകയായിരുന്നു. മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ ശ്രമിക്കാതെ, സ്വന്തം സന്തോഷത്തിനും ലക്ഷ്യങ്ങൾക്കുമായി മാത്രം ജീവിക്കാൻ തുടങ്ങുന്നത് ഈ ഘട്ടത്തിലാണെന്നും അവർ കൂട്ടിച്ചേർത്തു.
ഓപ്രയുടെ ഈ വാക്കുകൾ തനിക്ക് ഏറെ പ്രചോദനമായതിനാലാണ് തൃഷ ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. രണ്ട് പതിറ്റാണ്ടിലേറെയായി തെന്നിന്ത്യൻ സിനിമയിൽ മുൻനിര നടിയായി തിളങ്ങുന്ന തൃഷയ്ക്ക് ഇപ്പോഴും വലിയ ആരാധകവൃന്ദമുണ്ട്. അടുത്തിടെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലദിനത്തിൽ നടൻ വിജയിയുടെ വസതിയിൽ തൃഷ സന്ദർശനം നടത്തിയത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.
'ഗില്ലി', 'തിരുപ്പാച്ചി', 'ആതി', 'കുരുവി', 'ലിയോ' തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ വിജയിക്കൊപ്പം അഭിനയിച്ച തൃഷയെയും വിജയിനെയും ചുറ്റിപ്പറ്റി നിരവധി അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ടെങ്കിലും ഇരുവരും ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല.
Tags : TrishaKrishnan OprahWinfrey Amen DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash