കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ് . ആകെ 294 സീറ്റുകളുള്ള നിയമസഭയിൽ 284 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. ബാക്കിയുള്ള 10 സീറ്റുകളിൽ സഖ്യകക്ഷികളുമായുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കും.
മുൻ പിസിസി അധ്യക്ഷനും മുതിർന്ന നേതാവുമായ അധീർ രഞ്ജൻ ചൗധരി തന്റെ കോട്ടയായ ബഹരംപൂർ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം അദ്ദേഹം നിയമസഭയിലേക്ക് മത്സരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
പശ്ചിമ ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ശുഭങ്കർ സർക്കാർ കുൽപി മണ്ഡലത്തിൽ മത്സരിക്കും. മുൻ മന്ത്രി അബ്ദുൾ മന്നാൻ, നേപ്പാൾ മഹ്തോ, മനോജ് ചക്രവർത്തി എന്നിവരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. അന്തരിച്ച സോമൻ മിത്രയുടെ മകൻ രോഹൻ മിത്രയും മത്സരിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുകക്ഷികളുമായി സഖ്യത്തിലായിരുന്ന കോൺഗ്രസ് ഇത്തവണ ഒറ്റയ്ക്കാണ് ഭൂരിഭാഗം സീറ്റുകളിലും മത്സരിക്കുന്നത്. തൃണമൂൽ കോൺഗ്രസ് ഇതിനോടകം തന്നെ 291 സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
Tags : Bengal elections Congress 284 Constituencies Latest News