മഹാരാഷ്ട്ര അധ്യാപക യോഗ്യതാ പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചാ കേസിലെ മുഖ്യസൂത്രധാരൻ ബിജേന്ദ്ര ഗുപ്ത അറസ്റ്റിൽ
മുംബൈ: മഹാരാഷ്ട്ര അധ്യാപക യോഗ്യതാ പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചാ കേസിലെ മുഖ്യസൂത്രധാരൻ ബിജേന്ദ്ര ഗുപ്ത അറസ്റ്റിൽ. മഹാരാഷ്ട്ര പോലീസ് ബിഹാറിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാസങ്ങൾ നീണ്ട തെരച്ചിലിനൊടുവിലാണ് രാജ്യത്തുടനീളമുള്ള വിവിധ പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇയാളെ പിടികൂടിയത്. ബിഹാറിലെ വിവിധ കേന്ദ്രങ്ങളിൽ പോലീസ് പലതവണ റെയ്ഡുകൾ നടത്തിയിരുന്നെങ്കിലും ഇയാൾ ഒളിവിൽ തുടരുകയായിരുന്നു. ഗുപ്തയ്ക്കൊപ്പം കേസുമായി ബന്ധമുള്ള മറ്റൊരാളെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഗുപ്തയുടെ ഭാര്യ ഉൾപ്പെടെ നിരവധി പേരെ മഹാരാഷ്ട്ര പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ ഗുപ്തയെ പിടികൂടാൻ വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. ഇയാളെ ട്രാൻസിറ്റ് റിമാൻഡിൽ മഹാരാഷ്ട്രയിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. രാജ്യത്തെ മറ്റ് ചോദ്യപ്പേപ്പർ ചോർച്ചാ സംഘങ്ങളുമായി ഇയാൾക്കുള്ള ബന്ധവും പോലീസ് പരിശോധിക്കുന്നുണ്ട്.
Tags : Cabinet BijendraGupta MaharashtraTET DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash