ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചു. ഇവയ്ക്കുണ്ടായിരുന്ന പ്രത്യേക അധിക എക്സൈസ് തീരുവ (എസ്എഇഡി) പത്തു രൂപ വീതമാണ് കുറച്ചത്. പശ്ചിമേഷ്യൻ സംഘർഷം മൂലമുണ്ടായ ക്രൂഡ് ഓയിൽ വിലവർധനയിൽനിന്നു രാജ്യത്തെ എണ്ണക്കന്പനികളെ സംരക്ഷിക്കുന്നതിനാണ് കേന്ദ്ര നീക്കം.
സർക്കാർ തീരുമാനം രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ കാര്യമായ മാറ്റമുണ്ടാക്കില്ലെങ്കിലും കന്പനികൾ ഇന്ധനവില വർധിപ്പിക്കുന്നതു തടയാൻ സഹായകമാകും. ക്രൂഡ് ഓയിൽ വിലവർധന മൂലം പെട്രോൾ ലിറ്ററിന് ഏകദേശം 24 രൂപയും ഡീസൽ ലിറ്ററിന് ഏകദേശം 30 രൂപയും എണ്ണക്കന്പനികൾക്കു നഷ്ടമുണ്ടാകുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ചൂണ്ടിക്കാട്ടി.
അഞ്ചിടത്തു നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പെട്ടെന്നുള്ള വിലവർധന തിരിച്ചടിയായേക്കുമെന്ന തിരിച്ചറിവിലാണ് തത്കാലത്തേക്ക് പ്രത്യേക അധിക എക്സൈസ് തീരുവ കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനം.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനു പിന്നാലെ ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 110 ഡോളറായി. ഇത് എണ്ണക്കമ്പനികള്‍ക്കു തിരിച്ചടിയായിരുന്നു. കൂടിയ വിലയ്ക്കു വാങ്ങി കുറഞ്ഞ വിലയ്ക്കു വില്‍ക്കുന്നത് തുടരാനാകില്ലെന്ന് എണ്ണക്കമ്പനികള്‍ സൂചിപ്പിച്ചിരുന്നു. ഇന്ധനവില വര്‍ധിപ്പിക്കേണ്ടിവരുമെന്നും കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണു കേന്ദ്രസർക്കാർ നടപടി.
എന്നാൽ, എക്സൈസ് തീരുവ കുറയ്ക്കുന്നുവെന്ന തലക്കെട്ട് ആശ്വാസം നൽകുന്നുവെന്നത് ആഖ്യാനത്തിൽ മാത്രമാണെന്നും യാഥാർഥ്യത്തിലല്ലെന്നും കോണ്‍ഗ്രസ് വിമർശിച്ചു. എണ്ണക്കന്പനികൾ കേന്ദ്രസർക്കാരിനു നൽകിയിരുന്ന പ്രത്യേക അധിക എക്സൈസ് തീരുവയിലെ "പ്രത്യേക', "എക്സൈസ്' എന്നീ വാക്കുകൾതന്നെ ഈ നികുതി എത്രത്തോളം അനാവശ്യമാണെന്ന് വെളിപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് പവൻ ഖേര പ്രതികരിച്ചു.
കഴിഞ്ഞ 12 വർഷത്തിനിടെ ഏഴു വ്യത്യസ്ത സന്ദർഭങ്ങളിൽ ആഗോള ക്രൂഡ് ഓയിൽ വില താഴ്ന്നപ്പോഴും ഇന്ത്യയിലെ വില കുറഞ്ഞിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്നും ഏപ്രിൽ 30നുശേഷം എന്താണു സംഭവിക്കുകയെന്ന് കാത്തിരിക്കാനും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.
അതേസമയം, ഡീസലിന്റെയും ഏവിയേഷൻ ടർബൈൻ ഫ്യുവലിന്റെയും (എടിഎഫ്) കയറ്റുമതികൾക്ക് തീരുവ ചുമത്തി. ഡീസൽ കയറ്റുമതിക്ക് ഒരു ലിറ്ററിന് 21.5 രൂപയും വിമാന ഇന്ധനമായ എടിഎഫിന്റെ കയറ്റുമതിക്ക് ലിറ്ററിന് 29.5 രൂപയുമാണ് കേന്ദ്രം അധിക തീരുവ ചുമത്തിയത്. ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ഇവിടെത്തന്നെ പരമാവധി പിടിച്ചുനിർത്താനാണ് ഈ നടപടി.
Tags : oil companies Petrol diesel price hikes prevented reducing duty