ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം. മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും നാഗാ-കുക്കി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഉഖ്രുൽ ജില്ലയിലെ ലിറ്റാനിലാണ് സംഭവം.
20 നാഗാ യുവാക്കളെ കുക്കി വിഭാഗക്കാർ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയെന്ന ആരോപണമാണ് സംഘർഷത്തിന് കാരണമായത്. പ്രാദേശിക നാഗാ സംഘടനകളാണ് തങ്ങളുടെ യുവാക്കളെ കുക്കി വിഭാഗം പിടികൂടി ബന്ദികളാക്കിയെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
നാഗാ യുവാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് തുടങ്ങിയ പ്രതിഷേധം പിന്നീട് അക്രമാസക്തമാവുകയായിരുന്നു. സംഘർഷം സമീപ പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നതായാണ് റിപ്പോർട്ടുകൾ.
യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസിന്‍റെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല.