ചിന്ത്വാര (മധ്യപ്രദേശ്): മധ്യപ്രദേശിലെ ചിന്ത്വാരയിൽ ചുമമരുന്ന് കഴിച്ച അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരണത്തിനു കീഴടങ്ങി.
നേരത്തേ അലോപ്പതി മരുന്നായ കോൾഡ്റിഫായിരുന്നു കുട്ടികളുടെ ജീവനെടുത്തതെങ്കിൽ ഇത്തവണ ആയുർവേദ കഫ് സിറപ്പും ചൂർണവുമാണ് റൂഹി മിനോട്ട് എന്ന കുട്ടിയുടെ മരണത്തിനു കാരണമായത്. ആയുർവേദ ചുമമരുന്നിനൊപ്പം ചൂർണവും കുട്ടിക്കു നൽകിയിരുന്നുവെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
കോൾഡ്റിഫ് കഴിച്ച 24 കുട്ടികൾ നേരത്തേ മരിച്ചിരുന്നു. ഇതിൽ 21 ഉം ചിന്ത്വാരയിലായിരുന്നു. സിറപ്പിൽ 48.6 ശതമാനം വരുന്ന കൊടുംവിഷമായ ഡൈത്തലിൻ ഗ്ലൈക്കോളാണ് കുട്ടികളുടെ മരണത്തിന് കാരണമായതെന്ന് പിന്നീട് പരിശോധനയിൽ വ്യക്തമായിരുന്നു. റൂഹി മിനോട്ടിന്റെ മരണത്തോടെ ചുമമരുന്നു കഴിച്ച് സംസ്ഥാനത്ത് മരണമടഞ്ഞ കുട്ടികളുടെ എണ്ണം 25 ആയി.
ജലദോഷവും ചുമയും അനുഭവപ്പെട്ടതിനെത്തുടർന്ന് നാലുദിവസം മുന്പാണ് മാതാപിതാക്കൾ കുട്ടിക്ക് മരുന്ന് നൽകിയത്. വ്യാഴാഴ്ച മരണത്തിനു കീഴടങ്ങുകയും ചെയ്തു.
കുട്ടിയുടെ മരണത്തെത്തുടർന്ന് മരുന്നുകട അടച്ചുപൂട്ടി. അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലീസ് മരുന്നുകൾ പരിശോധനയ്ക്കായി പിടിച്ചെടുക്കുകയും ചെയ്തു.
Tags : Cough medicine Madhya Pradesh