ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കടന്നുപോകാനിരുന്ന വഴിയിൽ സുരക്ഷാവീഴ്ച. പാതയുടെ സമീപത്ത് നിന്ന് രണ്ട് ജലാസ്റ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി. കഗലിപുരയിലെ താത്തഗുനിക്ക് സമീപത്തു നിന്നാണ് ഇവ കണ്ടെടുത്തത്.
സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ആർട്ട് ഓഫ് ലിവിംഗിന്‍റെ 45-ാം വാർഷികാഘോഷത്തിലും സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറിന്‍റെ 70-ാം പിറന്നാളാഘോഷത്തിലും പങ്കെടുക്കാനാണു മോദി ബംഗളൂരുവിലെത്തിയത്.
പരിപാടിയുടെ പ്രധാന വേദിയിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെ നിന്നാണു സ്ഫോടക വസ്തു കണ്ടെത്തിയത്. സംഭവത്തിൽ കോരമംഗലയ്ക്കു സമീപത്തുനിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തു. എച്ച്എഎൽ വിമാനത്താവളത്തിന്‍റെയും ആർട്ട് ഓഫ് ലിവിംഗ് സെന്‍ററിന്‍റെയും പരിസരത്ത് സ്‌ഫോടനം നടക്കുമെന്ന് ഇയാൾ രാവിലെ പോലീസ് സ്‌റ്റേഷനിൽ വിളിച്ചറിയിച്ചിരുന്നു. തുടർന്ന് പോലീസ് രണ്ടിടത്തും പരിശോധന നടത്തി.
പരിശോധനയിൽ വിമാനത്താവളത്തിനു സമീപം സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ല. എന്നാൽ ആർട്ട് ഓഫ് ലിവിംഗിന്‍റെ പരിപാടി നടക്കുന്ന സ്ഥലത്തിന് സമീപത്ത് നിന്ന് ജലാറ്റിൻ സ്റ്റിക് കണ്ടെത്തുകയും ചെയ്തു. പിന്നാലെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
Tags : Explosive motorcade custody