പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യത്തെ ചിപ്പ് നിർമാണ മേഖലയ്ക്ക് വൻ ഉത്തേജനം നൽകിക്കൊണ്ട് 'ഇന്ത്യ സെമികണ്ടക്ടർ മിഷൻ 2.0' പദ്ധതിക്കായി 1.25 ലക്ഷം കോടി രൂപയുടെ വകയിരുത്തലിന് ധനമന്ത്രാലയത്തിന്റെ ഉന്നതതല സമിതി ഉടൻ അനുമതി നൽകും. ഫെബ്രുവരിയിൽ അവതരിപ്പിച്ച ബജറ്റിൽ പ്രഖ്യാപിച്ച പ്രകാരം, രാജ്യത്തിന്റെ നിർമാണ ശേഷിയും ആഭ്യന്തര സാങ്കേതിക വികസനവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വൻ തുക നീക്കിവെക്കുന്നത്.
ആഗോള സെമികണ്ടക്ടർ വിതരണ ശൃംഖലയിൽ ഇന്ത്യയെ ഒരു പ്രധാന ഹബ്ബാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ തന്ത്രപ്രധാനമായ നീക്കമാണിത്. ഇതിലൂടെ വൻകിട ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കാനും സബ്സിഡികളും മറ്റ് ആനുകൂല്യങ്ങളും നൽകാനും സാധിക്കും. ആദ്യഘട്ട സെമികണ്ടക്ടർ മിഷന് ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെയാണ് കൂടുതൽ തുക വകയിരുത്തി രണ്ടാം ഘട്ടത്തിലേക്ക് സർക്കാർ കടക്കുന്നത്.
ഇലക്ട്രോണിക്സ്, വാഹന നിർമാണം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ നിർണായകമായ ചിപ്പുകളുടെ ആഭ്യന്തര ഉത്പാദനം വർധിക്കുന്നതോടെ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് വൻതോതിൽ കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ. പദ്ധതിക്ക് ധനമന്ത്രാലയ സമിതിയുടെ അന്തിമ അനുമതി ലഭിക്കുന്നതോടെ വരും ദിവസങ്ങളിൽ ക്യാബിനറ്റിന്റെ അംഗീകാരത്തിനായി സമർപ്പിക്കും.
Tags : Finance Ministry Semiconductor Mission Latest News