പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കോവളം ഭാഗത്ത് ഡാൻസാഫ് സംഘം നടത്തിയ വാഹന പരിശോധനയിൽ കാറിൽ കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരവുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം തട്ടാക്കുഴി കരിമണൽ ‘തിരുവോണം’ വീട്ടിൽ സച്ചു (27), ശ്രീകാര്യം പാങ്ങാപ്പാറ പുതിയിടം കാവുവിളയിൽ പണയിൽ വീട്ടിൽ അഖിൽ കൃഷ്ണൻ (29) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് കാറിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പിടികൂടിയത്. ഇവരിൽ നിന്ന് 120 ഗ്രാമോളം എംഡിഎംഎ, 200 ഗ്രാമോളം കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ പോലീസ് കണ്ടെടുത്തു.
പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഓപ്പറേഷൻ തൂഫാൻ വഴി വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷ്ണർ വ്യക്തമാക്കി.