അഹമ്മദാബാദ്: എത്യോപ്യയിലുണ്ടായ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് കണ്ണൂർ-അബുദാബി ഇൻഡിഗോ വിമാനം അഹമ്മദാബാദിലിറക്കി. ഞായറാഴ്ചയാണ് ഹെയ്ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചത്.
തുടർന്ന് ഉയരുന്ന പുക വിമാനങ്ങളുടെ പാതയ്ക്ക് ഭീഷണിയായി. ഇതോടെ 6ഇ 1433 എന്ന ഇൻഡിഗോ വിമാനം അഹമ്മദാബാദിലിറക്കുകയായിരുന്നു. ചില വിമാനങ്ങൾ പുകമഞ്ഞ് ഒഴിവാക്കാൻ റൂട്ടുകൾ പുനക്രമീകരിച്ചു.
അന്താരാഷ്ട്ര വ്യോമയാന പ്രോട്ടോകോൾ പ്രകാരം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ആകാശ എയർ പറഞ്ഞു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ഏറ്റവും മുൻഗണന നൽകുന്നതെന്നും ആകാശ അറിയിച്ചു.
എത്യോപ്യയിലെ എർട്ട എയ്ൽ മേഖലയിലാണ് അഗ്നിപർവതം സ്ഥിതിചെയ്യുന്നത്. ചാരവും സൾഫർ ഡയോക്സൈഡും അടങ്ങിയ കൂറ്റൻ പുകപടലങ്ങളാണ് ഞായറാഴ്ച രാവിലെ മുതൽ ഇതിൽനിന്നുയരുന്നത്.
പത്തു മുതൽ 15 കിലോമീറ്റർവരെ ഉയരത്തിലെത്തുന്ന ഈ പുകപടലങ്ങൾ ചെങ്കടലിന് കുറുകേ കിഴക്കോട്ടാണ് നീങ്ങുന്നത്. ഒമാൻ, യെമൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രദേശങ്ങളെ ഈ ചാരമേഘങ്ങൾ ഇതിനകം തന്നെ ബാധിച്ചിട്ടുണ്ട്.
Tags : flight diverted indigo flight volcano eruption ethiopia