ന്യൂഡൽഹി: രാജ്യം കടുത്ത ഇന്ധനവില വർധനവിനെ അഭിമുഖീകരിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷമായ ആക്രമണവുമായി കോൺഗ്രസ്. നാല് വർഷത്തിന് ശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ച നടപടിയെ 'വസൂലി' (പിടിച്ചുപറി) എന്ന് വിശേഷിപ്പിച്ചാണ് കോൺഗ്രസ് രംഗത്തെത്തിയത്.
വെള്ളിയാഴ്ച പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും കേന്ദ്ര സർക്കാരിന്റെ നയങ്ങളെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിച്ചതിന് പിന്നാലെയാണ് സർക്കാർ ജനങ്ങളെ കൊള്ളയടിക്കാൻ തുടങ്ങിയതെന്ന് കോൺഗ്രസ് ആരോപിച്ചു.
പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വരെയും സിഎൻജിക്ക് രണ്ട് രൂപയും വർധിപ്പിച്ചത് സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിക്കുമെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. സ്വർണം വാങ്ങുന്നത് നിയന്ത്രിക്കാനുള്ള കേന്ദ്രത്തിന്റെ പുതിയ നീക്കങ്ങൾ ആഭരണ നിർമ്മാണ മേഖലയെ തകർക്കുമെന്നും കോടിക്കണക്കിന് ആളുകളുടെ ഉപജീവനമാർഗം തടയുമെന്നും കോൺഗ്രസ് ആരോപിച്ചു.
Tags : Fuel Price Hike Congress Latest News