മംഗളൂരു: രാജ്യത്ത് പാചകവാതക ക്ഷാമം നേരിടുന്നതിനെ തുടർന്നുണ്ടാകുന്ന ആശങ്കകൾക്കിടെ യുഎസിൽ നിന്ന് 47,236 മെട്രിക് ടൺ എൽപിജിയുമായി യുഎസ് കപ്പൽ മംഗളൂരുവിലെത്തി.
ടെക്സസിലെ നെദർലാൻഡ് തുറമുഖത്ത് നിന്ന് പുറപ്പെട്ട പിക്സിസ് പയനിയർ എന്ന ചരക്ക് കപ്പലാണ് ഞായറാഴ്ച രാവിലെ ന്യൂ മാംഗളൂർ തുറമുഖത്ത് എത്തിയത്. തുറമുഖ അതോറിറ്റിയുടെ ഡെയ്‌ലി വെസൽ പൊസിഷൻ അനുസരിച്ച്, സിംഗപ്പൂർ പതാകയുള്ള ടാങ്കർ രാവിലെ ആറോടെ 13-ാം നമ്പർ ബെർത്തിൽ നങ്കൂരമിട്ടു. ഫെബ്രുവരി 14നാണ് യുഎസിൽ നിന്ന് കപ്പൽ പുറപ്പെട്ടത്.
തിങ്കളാഴ്ച പുലർച്ചെ തുറമുഖത്ത് ഏജിസ് ലോജിസ്റ്റിക്സ് ലിമിറ്റഡിലേക്ക് 16,714 ടൺ എൽപിജി ഡിസ്ചാർജ് ചെയ്യും. ഇതിനു മുന്നോടിയായി, ശനിയാഴ്ച മുൻഗണനാ വിഭാഗങ്ങൾക്കായി സംസ്ഥാനങ്ങൾക്കുള്ള വാണിജ്യ എൽപിജി വിഹിതം കേന്ദ്ര സർക്കാർ 20 ശതമാനം കൂടി വർധിപ്പിച്ചിരുന്നു. ഇതോടെ ആകെ വിഹിതം 50 ശതമാനം ആയി ഉയർന്നു.
അതേസമയം, റഷ്യൻ എണ്ണയുമായി ‘അക്വാ ടൈറ്റൻ’ എന്ന കപ്പലും മംഗലാപുരത്ത് എത്തി. കപ്പലിന്‍റെ വലിപ്പക്കൂടുതൽ കാരണം ഇത് തുറമുഖത്ത് അടുപ്പിക്കാനായില്ല. സിംഗിൾ പോയിന്‍റ് മൂറിംഗ് സംവിധാനം വഴി പൈപ്പ് ലൈനിലൂടെ എണ്ണ മാംഗളൂർ റിഫൈനറി ആൻഡ് പെട്രോ കെമിക്കൽ ലിമിറ്റഡ് (എംആർപിഎൽ) എത്തിക്കും.
മാർച്ച് 18 ന്, ഏകദേശം 80,800 മെട്രിക് ടൺ അസംസ്കൃത എണ്ണയുമായി വന്ന ജഗ് ലാഡ്കി ക്രൂഡ് ഓയിൽ ടാങ്കർ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നങ്കൂരമിട്ടിരുന്നു. ഇതിനുപുറമെ, വാദിനാർ തുറമുഖത്തേക്ക് ഏകദേശം 47,000 മെട്രിക് ടൺ എൽപിജിയുമായി നന്ദാ ദേവി എന്ന കപ്പലും 93,000 മെട്രിക് ടൺ എൽപിജിയുമായി ശിവാലിക് എന്ന കപ്പലും മുന്ദ്രയിൽ നങ്കൂരമിട്ടിരുന്നു.
Tags : cargo ship Pixis Pioneer LPG Mangalore coast