ലോക്സഭാംഗം രാഹുൽ ഗാന്ധി പാർലമെന്റിൽ
ന്യൂഡൽഹി: പൊതുപരീക്ഷാ തട്ടിപ്പ് വിരുദ്ധ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ കേന്ദ്ര സർക്കാരിനും ആർഎസ്എസിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ ആർഎസ്എസ് കൈയ്യടക്കിയിരിക്കുകയാണെന്നും, അതിനെ വെറുമൊരു 'പിടിച്ചുപറി കേന്ദ്രമാക്കി' മാറ്റിയെന്നും അദ്ദേഹം ലോക്സഭയിൽ ആരോപിച്ചു. ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ചത് വെറും പ്രഹസനം മാത്രമാണെന്നും, മന്ത്രാലയം ഭരിക്കുന്നത് അദ്ദേഹത്തിന്റെ ഓഫീസിലിരിക്കുന്ന ആർഎസ്എസ് പ്രതിനിധിയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ധർമേന്ദ്ര പ്രധാൻ ഒരു പ്രതീകം മാത്രമാണെന്നും യഥാർത്ഥ ശത്രു ആർഎസ്എസാണെന്നും ആരോപിച്ച രാഹുൽ, രാജ്യത്തെ എല്ലാ സർവ്വകലാശാലകളിലും ആർഎസ്എസ് വൈസ് ചാൻസലർമാരെയാണ് നിയമിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി. ഒരു വിദ്യാർത്ഥിയുമായുള്ള സംഭാഷണം ഉദ്ധരിച്ച് സംസാരിക്കവെ, രാജ്യത്തെ വിദ്യാർത്ഥികൾ, മണ്ടന്മാർ, അന്ധഭക്തർ എന്നിങ്ങനെ മൂന്നായി തരംതിരിക്കാമെന്ന രാഹുലിന്റെ പരാമർശം ഭരണപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. സഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ഹാജരാകാത്തതിനെയും അദ്ദേഹം ചോദ്യം ചെയ്തു. വിദ്യാര്ഥികൾക്ക് നേരെ പോലീസ് നടപടിക്ക് ഉത്തരവിട്ടത് അമിത് ഷായാണെന്നും, ഭയം മൂലമാണ് അദ്ദേഹം സഭയിൽ വരാത്തതെന്നും രാഹുൽ ആരോപിച്ചു.
അതേസമയം, രാഹുൽ ഗാന്ധി അൺപാർലമെന്ററി പദപ്രയോഗമാണ് നടത്തിയതെന്നും 'ഇഡിയറ്റ്' എന്ന വാക്ക് സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആവശ്യപ്പെട്ടു.
Tags : RahulGandhi AmitShah Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash