അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിക്കുന്നതുമൂലം 2023ന് മുമ്പ് നിർമിച്ച വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുമെന്ന് വെളിപ്പെടുത്താതിരിക്കാൻ കേന്ദ്ര സർക്കാർ കമ്പനികൾക്ക് മേൽ സമ്മർദം ചെലുത്തുന്നുവെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ.
ഇ20 പെട്രോൾ അടിച്ചേൽപ്പിക്കാൻ മോദി സർക്കാർ കമ്പനികളെ ഭീഷണിപ്പെടുത്തുന്നതായും കെജ്രിവാൾ പറഞ്ഞു. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കെജ്രിവാൾ ആരോപണം ഉന്നയിച്ചത്.
2023ന് മുൻപ് നിർമിച്ച വാഹനങ്ങളിൽ ഇ20 പെട്രോൾ ഉപയോഗിക്കാൻ സാധിക്കുമോ എന്നും ഇതുകാരണം വാഹനങ്ങൾക്ക് കേടുപാടുകളോ മൈലേജ് കുറവോ ഉണ്ടായാൽ കമ്പനികൾ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുമോ എന്നും 29 വാഹന നിർമാതാക്കളോട് താൻ കത്തിലൂടെ ചോദിച്ചിരുന്നതായും എന്നാൽ ആരും മറുപടി നൽകിയില്ലെന്നും കെജ്രിവാൾ വ്യക്തമാക്കി.
ഒൻപത് കമ്പനികളിലെ ഉദ്യോഗസ്ഥരുമായി താൻ ഫോണിൽ ബന്ധപ്പെട്ടു. 2023ന് മുമ്പ് നിർമിച്ച വാഹനങ്ങളിൽ ഇ20 പെട്രോൾ ഉപയോഗിക്കുന്നത് എൻജിനും ഫ്യുവൽ ട്രെയിൻ സിസ്റ്റവും ഉൾപ്പെടെയുള്ള ഭാഗങ്ങൾക്ക് കേടുപാടുകൾ വരുത്തിയേക്കാമെന്നാണ് അവരുടെ അഭിപ്രായമെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
Tags : AravindKejriwal CentralGovernment Deepika DeepikaNewspaper BreakingNews NewsUpdate Headlines