ബംഗളൂരു: കാസർഗോഡ് ജില്ലയിലെ കന്നഡ വംശജർക്കുമേൽ മലയാളം അടിച്ചേൽപ്പിക്കുന്നുവെന്ന ആരോപ ണവുമായി രാഷ്ട്രപതിയെ സമീപിക്കാനൊരുങ്ങി കർണാടക.
കേരളം അവതരിപ്പിച്ച ഭാഷ ബിൽ നിയമമായാൽ അതിർത്തിഗ്രാമങ്ങളിലെ കന്നഡിഗർക്കു ബുദ്ധിമുട്ടാകുമെന്നും പ്രശ്നത്തിൽ പരിഹാരം തേടി പ്രതിനിധിസംഘം ഉടൻ രാഷ്ട്രപതിയെ കാണുമെന്നും കർണാടക സാംസ്കാരിക മന്ത്രി ശിവരാജ് തെങ്കദാഗി പറഞ്ഞു.
ഭാഷാ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് ഭരണഘടനാ നിർദേശങ്ങളുടെ ലംഘനമാണു ബിൽ എന്ന് മന്ത്രി പറഞ്ഞു. കാസർഗോഡ് അതിർത്തിയിൽ ഏകദേശം 7.5 ലക്ഷത്തോളം കന്നഡിഗരാണുള്ളത്. മേഖലയിൽ 210 കന്നഡ സ്കൂളുകളും പ്രവർത്തിക്കുന്നുണ്ട്. ഭാഷാ ബിൽ നടപ്പാക്കുന്നതോടെ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ കന്നഡികർ നേരിടേണ്ടിവരും- മന്ത്രി വ്യക്തമാക്കി.
നേരത്തേ കർണാടക ബോർഡർ ഏരിയ ഡെവലപ്മെന്റ് അഥോറിറ്റി പ്രതിനിധികൾ കേരള ഗവർണർ ആർ.വി. അർലേക്കറിനെ സന്ദർശിച്ച് പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഭാഷാ ബില്ലിന് അനുമതി നൽകരുതെന്ന ആവശ്യവും പ്രതിനിധികൾ ഉന്നയിച്ചിരുന്നു.
Tags : Karnataka Kerala malayalam language complains Minister Shivraj Tenkadagi