ന്യൂഡൽഹി: പരിസ്ഥിതിലോല മലനിരയായ ആരവല്ലിയുടെ ഒരിഞ്ചുപോലും ഇനി ഖനനത്തിനോ മറ്റാവശ്യങ്ങൾക്കോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നു സുപ്രീംകോടതി.
കോടതി നിയമിച്ച വിദഗ്ധസമിതി പരിസ്ഥിതിലോല പർവതനിരയുടെ പുതിയ നിർവചനം സമർപ്പിക്കുന്നതുവരെ ആരവല്ലി കുന്നുകളിൽ ഖനന പ്രവർത്തനങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നു ചീഫ് ജസ്റ്റീസ് സൂര്യകാന്തും ജസ്റ്റീസ് ജോയ്മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കുന്നുകൾ പാട്ടത്തിനു നൽകുന്നതോ പുതുക്കുന്നതോ ആയ പ്രക്രിയ അന്തിമ അനുമതികൾ വരുന്നതുവരെ തുടരാൻ അനുവദിക്കണമെന്ന ഖനന പാട്ട ഉടമകളുടെയും പുതിയ പാട്ടത്തിന് അപേക്ഷിക്കുന്നവരുടെയും അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ ഹരിത ശ്വാസകോശങ്ങളാണ് ആരവല്ലി പർവതനിരയെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് പറഞ്ഞു.
ഏതെങ്കിലും പ്രവർത്തനം അനുവദിക്കുന്നതിനുമുന്പ് കർശനമായ പരിസ്ഥിതിസംരക്ഷണം കോടതി ഉറപ്പാക്കും. പുതിയ റിപ്പോർട്ട് ലഭിക്കാതെ ഒരു പ്രവർത്തനവും അനുവദിക്കില്ല. ശക്തമായ ഖനന ലോബിയുടെ സ്വാധീനം മൂലമാണ് ഈ പ്രശ്നം ഉയർന്നുവന്നതെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
രാജ്യത്തെ വടക്കുപടിഞ്ഞാറൻ മേഖലകളിലായി പരന്നുകിടക്കുന്ന ആരവല്ലി കുന്നുകൾ നിർവചിക്കുന്നതിനുള്ള വിവാദപരമായ 100 മീറ്റർ ഉയര മാനദണ്ഡങ്ങൾ അംഗീകരിച്ച സുപ്രീംകോടതിയുടെ പഴയ വിധി അഞ്ചു മാസം മുന്പ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
പ്രദേശത്തിന്റെ വലിയൊരു ഭാഗത്ത് ഖനന പ്രവർത്തനങ്ങൾ നടക്കുമെന്ന മുന്നറിയിപ്പുമായി പരിസ്ഥിതിപ്രവർത്തകർ ഈ നിർവചനത്തെ എതിർത്തിരുന്നു. 100 മീറ്റർ ഉയര നിർവചനം അംഗീകരിച്ച നവംബർ 20ലെ വിധിന്യായം ഡിസംബർ 29നാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.
എല്ലാ ഖനന പ്രവർത്തനങ്ങളും ഉടനടി നിർത്തിവയ്ക്കാനും ആരവല്ലി മേഖലയിലെ ഖനനം പാട്ടത്തിനു നൽകുന്നതും പുതുക്കുന്നതും നിർത്തിവയ്ക്കാനും കോടതി ഉത്തരവിട്ടിരുന്നു.
വാദങ്ങളും കോടതിയുടെ നിരീക്ഷണവും
ഹരിത ശ്വാസം: വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ ഹരിത ശ്വാസകോശങ്ങളാണ് ആരവല്ലി പർവതനിരയെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു.
ഖനന ലോബിയുടെ സ്വാധീനം: ശക്തമായ ഖനന ലോബിയുടെ സ്വാധീനം മൂലമാണ് ഈ പ്രശ്നം ഉയർന്നുവന്നതെന്ന് കോടതി നിരീക്ഷിച്ചു.
പാട്ട ഉടമകളുടെ ആവശ്യം തള്ളി: അന്തിമ അനുമതി വരുന്നതു വരെ കുന്നുകൾ പാട്ടത്തിന് നൽകുന്നതോ പുതുക്കുന്നതോ ആയ പ്രക്രിയ തുടരാൻ അനുവദിക്കണമെന്ന ഖനന -പാട്ട ഉടമകളുടെയും അപേക്ഷകരുടെയും ആവശ്യം കോടതി നിരാകരിച്ചു.
Tags : Mining Supreme Court Aravalli