ലക്നോ: ഉത്തർപ്രദേശിലെ മോറാദാബാദിൽ ആംബുലൻസിലെ ഓക്സിജനും ഇന്ധനവും തീർന്നതിനെ തുടർന്ന് രോഗി മരിച്ചു. അമിതവേഗത്തിൽ വന്ന ട്രാക്ടർ ബൈക്കിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കുൽദീപ് സിംഗ് (38) ആണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ആശുപത്രി അധികൃതർ മറ്റൊരു ആശുപത്രി റഫർ ചെയ്തിരുന്നു. തുടർന്ന് കുൽദീപിന്റെ കുടുംബം അദ്ദേഹത്തെ ഒരു സ്വകാര്യ ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെയാണ് വാഹനത്തിലെ ഓക്സിജൻ സിലണ്ടറിലെ ഓക്സിജൻ തീർന്നത്. ഇതിനിടെ ആംബുലൻസിന്റെ ഇന്ധനവും തീർന്നു. ഇന്ധനം നിറക്കാനായി ഡ്രൈവർ പണം ആവശ്യപ്പെട്ടിരുന്നു. ഏകദേശം അര മണിക്കൂറിന് ശേഷമാണ് ഇയാൾ ഇന്ധനം നിറച്ച് തിരിച്ചെത്തിയത്. അപ്പോഴേയ്ക്കും കുൽദീപ് മരണമടഞ്ഞിരുന്നു.
എന്നാൽ കുൽദീപ് ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ മരണം സംഭവിച്ചിരിന്നുവെന്നും ഇദ്ദേഹത്തെ മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോകാൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
സംഭവത്തിൽ കേസെടുത്ത പോലീസ് ആംബുലൻസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Tags : Patient die ambulance oxygen