ബംഗളൂരു: കർണാടകയിലെ വിജയപുരയിൽ തെരുവുനായയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരന് ഗുരുതര പരിക്ക്. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന വിരാജ് സന്തോഷ് ബിരാദറിനെയാണ് തെരുവുനായ ആക്രമിച്ചത്.
വിരാജ് രണ്ട് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരുന്നപ്പോഴാണ് തെരുവുനായ ഇവർക്ക് നേരെ വന്നത്. മറ്റ് രണ്ട് പേരും ഓടി രക്ഷപ്പെട്ടപ്പോൾ വിരാജിനെ നായ വളഞ്ഞിട്ട് ആക്രമിച്ചു. പിന്നീട് 30 മീറ്ററോളം കടിച്ച് വലിച്ചിഴച്ചു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്.
നിലവിൽ വിജയപുരയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് വിരാജ്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതർ നടപടിയെടുക്കുന്നില്ലെന്നും ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി.