മുംബൈ: അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആചാര്യ ദേവവ്രത് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. എൻസിപി, ബിജെപി, ശിവസേന നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഉപമുഖ്യമന്ത്രി പദവിയിലെത്തുന്നത്. നേരത്തെ സുനേത്രയെ നിയമസഭാ കക്ഷി നേതാവായി എൻസിപി തെരഞ്ഞെടുത്തിരുന്നു. ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് സുനേത്രയെ നേതാവായി തെരഞ്ഞെടുത്തത്. എൻസിപിയുടെ മുതിർന്ന നേതാക്കളായ പ്രഫുൽ പട്ടേലും സുനിൽ തട്ക്കറെയും അടക്കമുള്ളവർ പങ്കെടുത്ത യോഗത്തിലാണ് സുനേത്രയെ ഉപമുഖ്യമന്ത്രിയാക്കുന്ന കാര്യം ഔദ്യാഗികമായി തീരുമാനിച്ചത്.
കഴിഞ്ഞ ബുധനാഴ്ച നടന്ന വിമാനാപകടത്തിലാണ് ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ മരിച്ചത്. അജിതിന്റെ വിയോഗത്തെത്തുടർന്നു പാർട്ടിയിലും ഭരണസഖ്യത്തിലും ഉണ്ടായ ശൂന്യത പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുനേത്രയെ ഉപമുഖ്യമന്ത്രിയാക്കാൻ എൻസിപി തീരുമാനിച്ചത്.
അജിത് പവാറിന്റെ മരണത്തെത്തുടർന്ന് ഒഴിവുവന്ന ബാരാമതി നിയമസഭാ മണ്ഡലത്തിൽനിന്നു സുനേത്ര ജനവിധി തേടുമെന്നാണ് സൂചന. സുനേത്ര രാജ്യസഭാംഗത്വം ഒഴിയുന്ന സാഹചര്യത്തിൽ മകൻ പാർഥ് പവാറിനെ രാജ്യസഭയിലേക്കു പരിഗണിച്ചേക്കും. എൻവയോൺമെന്റൽ ഫോറം ഓഫ് ഇന്ത്യയിലൂടെ സാമൂഹിക-പരിസ്ഥിതി രംഗത്തു സജീവമായിരുന്ന സുനേത്ര 2024ൽ ആണ് സജീവ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നത്.
Tags : sunetra pawar sworned in deputy chief minister maharashtra ncp